ഡയമണ്ട് ലീഗിന് എം ശ്രീശങ്കറില്ല
ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ റൗണ്ടില്‍ വ്യക്തിഗത മികവിന് അടുത്തെങ്ങുമെത്താതെ പുറത്തായി നിരാശപ്പെടുത്തിയശേഷം ജംപിംഗ് പിറ്റിലേക്ക് ശ്രീശങ്കര്‍ ഈ വര്‍ഷം ശക്തമായി തിരിച്ചെത്തിയിരുന്നു.
സ്റ്റോക്ക്ഹോം: മറ്റന്നാൾ സ്റ്റോക്ക്ഹോമിൽ തുടങ്ങുന്ന ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ മലയാളി ലോംഗ് ജംപ് താരം എം.ശ്രീശങ്കർ(M Sreeshankar) പങ്കെടുക്കില്ല. ലോകചാംപ്യൻഷിപ്പിനായി അമേരിക്കയിലേക്കും കോമൺവെൽത്ത് ഗെയിംസിനായി ഇംഗ്ലണ്ടിലേക്കുമുള്ള വിസ നടപടികൾക്കായി ഇന്ത്യയിൽ തുടരേണ്ടതിനാലാണ് ശ്രീശങ്കറിന് മത്സരം നഷ്ടമായത്.
ഷോട്ട്പുട്ട് താരം തേജീന്ദർപാൽ സിംഗ്, ജാവലിൻ ത്രോ താരം അന്നു റാണി എന്നിവരും യുഎസ് എംബസിയിലെ അഭിമുഖത്തിനായി ദില്ലിയിൽ തിരിച്ചെത്തി. ജൂലൈ 15 മുതൽ 24 വരെ അമേരിക്കയിലാണ് ലോക അത്‍ലറ്റിക്
ചാംപ്യൻഷിപ്പ് നടക്കുക. വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് സ്റ്റോക്ക്ഹോമിലേക്ക് പറക്കാനായിരുന്നു ശ്രീശങ്കര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്ന് വൈകിട്ടോടെയെ വിസാ നടപടികള്‍ പൂര്‍ത്തിയാവു എന്ന് എംബസി അധികൃതര്‍ അറിയിച്ചതോടെ ശ്രീശങ്കറിന്‍റെ സ്റ്റോക്ക്ഹോം യാത്ര മുടങ്ങി.
ടോക്കിയോ നിരാശ പഴങ്കഥ; ജംപിംഗ് പിറ്റില്‍ 'ഗോള്‍ഡണ്‍ ഫ്ലൈ'യുമായി എം ശ്രീശങ്കര്‍
ഡയമണ്ട് ലീഗ് നഷ്ടമാവുന്നതോടെ ഒളിംപിക് ചാംപ്യൻ മിൽറ്റിയാഡിസ് ടെന്‍റോഗ്ലൗവിനൊപ്പം മത്സരിക്കാനുള്ള അവസരമാണ് എം.ശ്രീശങ്കറിന് നഷ്ടമാവുന്നത്. ടോക്കിയോ ഒളിംപിക്‌സ് യോഗ്യതാ റൗണ്ടില്‍ വ്യക്തിഗത മികവിന് അടുത്തെങ്ങുമെത്താതെ പുറത്തായി നിരാശപ്പെടുത്തിയശേഷം ജംപിംഗ് പിറ്റിലേക്ക് ശ്രീശങ്കര്‍ ഈ വര്‍ഷം ശക്തമായി തിരിച്ചെത്തിയിരുന്നു. ഒളിംപിക്സിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ലോംഗ് ജംപില്‍ എട്ട് മീറ്റര്‍ ദൂരം പത്തു തവണ ചാടിക്കടന്നാണ് ശ്രീശങ്കര്‍ വിമര്‍ശകരുടെ വായടപ്പിച്ചത്. കരിയറില്‍ 19 തവണയാണ് ശ്രീശങ്കര്‍ എട്ട് മീറ്റര്‍ ദൂരം ചാടിക്കടന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ജംപ്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ശ്രീശങ്കർ ഈ മാസം ആദ്യം ഗ്രീസിൽ നടന്ന വെനിസെലിയ - ചാനിയ 2022 അത്‌ലറ്റിക്‌സ് മീറ്റിലും, ദേശീയ സീനിയര്‍ അത്‌ലറ്റിക്സിലും സ്വർണം നേടിയിരുന്നു. ഈ സീസണില്‍ ലോംഗ് ജംപിലെ ഏറ്റുവും മികച്ച അഞ്ച് പ്രകടനങ്ങളില്‍ രണ്ടെണ്ണവും ശ്രീശങ്കറിന്‍റെ പേരിലാണ്. 8.36 മീറ്ററാണ് സീസണിലെ ശ്രീശങ്കറിന്‍റെ ഏറ്റവും മികച്ച സമയം. സീസണിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ലോക റാങ്കിംഗില്‍ ശ്രീ ശങ്കര്‍ രണ്ടാം സ്ഥാനത്താണ്.