മൊണോക്കോ ഡയമണ്ട് ലീഗില്‍ കാലിടറി എം ശ്രീശങ്കര്‍; ആറാം സ്ഥാനം
നേരത്തെ കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടി എം ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു
മൊണോക്കോ: മലയാളി ലോംഗ്‌ജംപ് താരം എം ശ്രീശങ്കറിന് മൊണോക്കോ ഡയമണ്ട് ലീഗിൽ ആറാം സ്ഥാനം. 8 മീറ്റർ മറികടക്കാൻ ശ്രീശങ്കറിന് കഴിഞ്ഞില്ല. അഞ്ചാം റൗണ്ടിൽ 7.94 മീറ്റർ വരെ മാത്രമാണ് ശ്രീശങ്കറിന് ചാടാൻ കഴിഞ്ഞത്. 8.35 മീറ്റർ ചാടിയ ക്യൂബൻ താരം മൈക്കേൽ മാസോയ്ക്കാണ് സ്വർണം. 8.30 മീറ്റർ ചാടിയ ലോക ഒന്നാം നമ്പർ താരം മിറ്റിയാഡിസ് ടെന്‍റോ ഗ്ലൗവും അമേരിക്കൻ താരം ഡെൻഡി മാർക്വിസും രണ്ടാംസ്ഥാനത്തെത്തി. 8.06 മീറ്റർ ചാടിയ ജമൈക്കൻ താരം ടാജെയ് ഗെയ്ൽ ആണ് മൂന്നാം സ്ഥാനത്തെത്തിയത്.
കോമണ്‍വെല്‍ത്തിലെ ശ്രീ
ശ്രീശങ്കറിന്‍റെ ആദ്യ ഡയമണ്ട് ലീഗായിരുന്നു ഇത്. ലോക റാങ്കിംഗിലെ മുൻനിര താരങ്ങൾ മത്സരിക്കുന്ന ഡയമണ്ട് ലീഗുകളിൽ സ്ഥിരമായി മത്സരിച്ചാൽ മലയാളി താരത്തിന് കൂടുതൽ മികവിലേക്ക് ഉയരാനാകും എന്നതിൽ സംശയമില്ല. ടൂർണമെന്‍റിൽ മത്സരിച്ച ഏക ഇന്ത്യൻ അത്‍ലീറ്റുമാണ് ശ്രീശങ്കർ. കോമൺവെൽത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടി എം ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
കോമൺവെൽത്ത് ഗെയിംസ് ലോംഗ്‌ജംപില്‍ വെള്ളി നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം എം ശ്രീശങ്കറിന് സ്വന്തമായിരുന്നു. സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം. 8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തി. മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം സമ്മാനിക്കുകയായിരുന്നു. അഞ്ചാം അവസരത്തിലായിരുന്നു ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കമുള്ള ചാട്ടം. രണ്ട് തവണ ഫൗളായത് ശ്രീശങ്കറിന് തിരിച്ചടിയായി. നിലവില്‍ പുരുഷ ലോംഗ്‌ജംപില്‍ ദേശീയ റെക്കോര്‍ഡ് എം ശ്രീശങ്കറിന്‍റെ പേരിലാണ്.
റെക്കോര്‍ഡ് ബുക്കില്‍ ശ്രീശങ്കര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ്‌ജംപില്‍ മെഡല്‍ നേടുന്ന നാലാം ഇന്ത്യന്‍ താരമാണ് എം ശ്രീശങ്കര്‍. സുരേഷ് ബാബു(1978- വെങ്കലം), അഞ്ജു ബോബി ജോര്‍ജ്(2002- വെങ്കലം), എം എ പ്രജുഷ(2010- വെള്ളി) എന്നിവരുടെ പട്ടികയിലേക്കാണ് ശ്രീശങ്കര്‍ കഴിഞ്ഞ വാരം ഇടംപിടിച്ചത്.
സൂപ്പര്‍ റയല്‍! റയൽ മാഡ്രിഡിന് യുവേഫ സൂപ്പര്‍ കപ്പ്; റൗളിനെ പിന്നിലാക്കി കിംഗ് ബെന്‍സേമ