സ്വന്തം റെക്കോഡ് തിരുത്തി; മലയാളി താരം എം ശ്രീശങ്കറിന് ഒളിംപിക്‌സ് യോഗ്യത

പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ശ്രീശങ്കര്‍ ഒളിംപിക്‌സ് യോഗ്യത നേടിയത്.

M Sreesankar qualifies to tokyo olympic games

പട്യാല: ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി മലയാളിതാരം എം. ശ്രീശങ്കര്‍. പട്യാലയില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ശ്രീശങ്കര്‍ ഒളിംപിക്‌സ് യോഗ്യത നേടിയത്. ഫെഡറേഷന്‍ കപ്പിലെ അവസാന ഊഴത്തിലാണ് പാലക്കാട്ടുകാരന്‍ ശ്രീശങ്കര്‍ ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. 

8.20 മീറ്ററായിരുന്നു ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. അവസാന ചാട്ടം കഴിഞ്ഞ്, ദൂരം ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയും മുന്‍പേ ശ്രീശങ്കര്‍ സ്ഥാനമുറപ്പിച്ചിരുന്നു. ആദ്യനാല് അവസരത്തിലും എട്ട് മീറ്റര്‍ പിന്നിട്ട ശ്രീശങ്കര്‍ അവസാന ചാട്ടത്തില്‍ തന്റെ തന്നെ ദേശീയ റെക്കോര്‍ഡും തിരുത്തിക്കുറിച്ചു. 2018ല്‍ ഭുവനേശ്വറില്‍ ചാടിയ 8.20 മീറ്റര്‍ ദൂരമാണ് ശ്രീശങ്കര്‍ 8.26 മീറ്ററാക്കി മെച്ചപ്പെടുത്തിയത്. 

ഒന്‍പത് വര്‍ഷം മുന്‍പ് സംസ്ഥാന മീറ്റില്‍ റെക്കോര്‍ഡോടെ അരങ്ങേറിയ ശ്രീശങ്കര്‍ ഇന്ത്യയിലെ എല്ലാ പ്രായവിഭാഗത്തിലുമുള്ള റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. 2018ല്‍ ലോക ജൂനിയര്‍ റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തുമെത്തി. മുന്‍താരങ്ങളായ എസ് മുരളിയുടേയും കെഎസ് ബിജിമോളുടെയും മകനാണ് ശ്രീശങ്കര്‍. ഫെഡറേഷന്‍ കപ്പില്‍ എട്ട് മീറ്റര്‍ ദൂരത്തോടെ മലയാളിതാരം മുഹമ്മദ് അനീസ് രണ്ടാം സ്ഥാനത്തെത്തി. 

ലോംഗ്ജംപില്‍ എട്ട് മീറ്റര്‍ ദൂരം കണ്ടെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍താരമാണ് രാജ്യാന്തരതാരം മുഹമ്മദ് അനസിന്റെ സഹോദരനായ അനീസ്. കൊവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിത്താണ് ഒളിംപിക്‌സ് യോഗ്യത നേടിയതെന്ന് ശ്രീശങ്കര്‍. ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ കഠിന പരിശ്രമം നടത്തുമെന്നും ശ്രീശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios