ഫ്രഞ്ച് ഗ്രാന്‍പ്രിയില്‍ റെക്കോര്‍ഡിടാന്‍ ലൂയിസ് ഹാമില്‍ടണ്‍; പ്രാധാന്യം വിജയത്തിനെന്ന് ബ്രിട്ടീഷ് താരം
300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആറാമത്തെ ഫോര്‍മുലവണ്‍ താരം. കഴിഞ്ഞ സീസണില്‍ മാക്‌സ് വെര്‍സ്റ്റപ്പന് കിരീടം അടിയറവച്ചതിന് പിന്നാലെ ഈ സീസണിലും നിരാശയാണ് ഹാമില്‍ടണ്.
പാരീസ്: ഫ്രഞ്ച് ഗ്രാന്‍പ്രിയില്‍ (French Grand Prix) മറ്റൊരു റെക്കോര്‍ഡിനരികെയാണ് സൂപ്പര്‍താരം ലൂയിസ് ഹാമില്‍ടണ്‍ (Lewis Hamilton). മെഴ്‌സിഡീസ് ഡ്രൈവറായ ഹാമില്‍ടണ്‍ മുന്നൂറാമത്തെ ഫോര്‍മുല വണ്‍ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. സീസണിലെ ആദ്യജയമാണ് ബ്രിട്ടീഷ് ഡ്രൈവര്‍ ലക്ഷ്യമിടുന്നത്. ഇതിഹാസതാരം മൈക്കേല്‍ ഷൂമാക്കറില്‍ (Michael Schumacher) നിന്ന് റെക്കോര്‍ഡ് ബുക്കിന്റെ താളുകള്‍ ഒന്നൊന്നായി സ്വന്തമാക്കിയാണ് ലൂയിസ് ഹാമില്‍ടണ്‍ കാറിരമ്പത്തിന്റെ ആവേശക്കൊടുമുടി കീഴടക്കിയത്.
ഏഴ് തവണ ലോകചാംപ്യന്‍, 103 ഫോര്‍മുല വണ്‍ വിജയങ്ങള്‍. 15 തുടര്‍സീസണുകളില്‍ ഒരു ജയമെങ്കിലും നേടിയ രണ്ട് താരങ്ങളില്‍ ഒരാള്‍. ഫ്രഞ്ച് ഗ്രാന്‍പ്രിയിലെ പോള്‍ റിക്കാര്‍ഡ് സര്‍ക്യൂട്ടില്‍ മെഴ്‌സിഡസിന്റെ കാറില്‍ ലൂയിസ് ഹാമില്‍ടണ്‍ കയറുമ്പോള്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി പേരില്‍ ചേരും. 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആറാമത്തെ ഫോര്‍മുലവണ്‍ താരം. കഴിഞ്ഞ സീസണില്‍ മാക്‌സ് വെര്‍സ്റ്റപ്പന് കിരീടം അടിയറവച്ചതിന് പിന്നാലെ ഈ സീസണിലും നിരാശയാണ് ഹാമില്‍ടണ്.
12 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാനായില്ല. സീസണ്‍ പകുതിയില്‍ നില്‍ക്കുകയാണെങ്കിലും തിരിച്ചുവരാനാകുമെന്നാണ് ഹാമില്‍ടണിന്റെ പ്രതീക്ഷ. റെക്കോര്‍ഡല്ല ജയം മാത്രമാണ് ലക്ഷ്യമെന്നും ഹാമില്‍ടണ്‍ പറയുന്നു. 12 ഗ്രാന്‍പ്രി പോരാട്ടങ്ങള്‍ ബാക്കിയുള്ളപ്പോള്‍ നാല് തവണ മാത്രം പോഡിയത്തിലെത്തിയ ഹാമില്‍ടണ്‍ നിലവില്‍ ആറാം സ്ഥാനത്താണ്. മുന്നൂറാം മത്സരം ഒരുജയത്തിലൂടെ അവിസ്മരണീയമാക്കുമെന്ന ആവേശത്തിലാണ് ഹാമില്‍ടണ്‍ ആരാധകര്‍.
ഫ്രഞ്ച് ഗ്രാന്‍പ്രിയില്‍ ഇന്നാണ് പോള്‍പൊസിഷന്‍ പോരാട്ടം. നാളെ വൈകീട്ട് ആറരയ്ക്കാണ് സീസണിലെ പതിമൂന്നാമത് മത്സരമായ ഫ്രഞ്ച് ഗ്രാന്‍പ്രി നടക്കുന്നത്. ലൂയിസ് ഹാമില്‍ടണ്‍, മാക്‌സ് വെര്‍സ്റ്റപ്പന്‍, കാര്‍ലോസ് സെയിന്‍സ്, ചാള്‍സ് ലെക്ലെര്‍ക്ക്, സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നീ കരുത്തരെല്ലാം മികച്ച പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്.