മികവിന് അംഗീകാരം; ഒന്നരകോടിയുടെ വിദേശസ്കോളര്‍ഷിപ്പ് നേടി ലിസ്ബത്ത് കരോളിൻ ജോസഫ്
അന്താരാഷ്ട്ര സ്കൂൾ അത്ലറ്റിക്സ്, ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ലിസ്ബത്ത് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദേശീയ ജൂനിയർ മീറ്റ്, സ്കൂൾ മീറ്റ് എന്നിവയില്‍ ട്രിപ്പിള്‍ ജംപില്‍ റെക്കോർഡ് പ്രകടനങ്ങളും ലിസ്ബത്തിന്‍റെ ശ്രദ്ദേയമായ നേട്ടങ്ങളാണ്.
മലയാളി കായികതാരം താരം ലിസ്ബത്ത് കരോളിൻ ജോസഫിന് അപൂർവ്വ നേട്ടം. ഒന്നര കോടിയിലേറ രൂപയുടെ വിദേശ സ്കോളർഷിപ്പിന് ലിസ്ബത്ത് അർഹത നേടി. അടുത്ത ദിവസം ഉപരിപഠനത്തിനായി ലിസ്ബത്ത് അമേരിക്കയിലേക്ക് തിരിക്കും. സ്കൂൾ തലം മുതൽ കായിക രംഗത്തും പഠനത്തിലും മികവാർന്ന പ്രകടനമാണ് ലിസ്ബത്ത് നടത്തുന്നത്.
അന്താരാഷ്ട്ര സ്കൂൾ അത്ലറ്റിക്സ്, ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ലിസ്ബത്ത് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദേശീയ ജൂനിയർ മീറ്റ്, സ്കൂൾ മീറ്റ് എന്നിവയില്‍ ട്രിപ്പിള്‍ ജംപില്‍ റെക്കോർഡ് പ്രകടനങ്ങളും ലിസ്ബത്തിന്‍റെ ശ്രദ്ദേയമായ നേട്ടങ്ങളാണ്. ഒപ്പം എപ്പോഴും പഠനത്തിലും മികവ് പ്രകടിപ്പിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയാണ് പഠനം മുമ്പോട്ട് കൊണ്ടു പോകുന്നത്. ഇത് രണ്ടും പരിഗണിച്ചാണ് അമേരിക്കയിലെ ലിഞ്ച്ബർഗിലെ ലിബർട്ടി സർവ്വകലാശാലയുടെ സ്കോളർഷിപ്പിന് ലിസ്ബത്ത് അർഹയാവുന്നത്.
ഒരു കോടി 64 ലക്ഷം രൂപയാണ് സ്കോളർഷിപ്പ് . 4 വർഷമാണ് പഠനം. പഠനം, കായികപരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാം ഉൾപ്പെടുന്നതാണ് സ്കോളർഷിപ്പ് . ബിസിനസ് അഡ്മിനിസ്ട്രേഷൻ സെയിൽസ് ആൻറ് മാനേജ്മെൻറ് കോഴ്സിലാണ് ഉപരിപഠനം .കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ ലിസ്ബത്ത് മലബാർ സ്പോർട്സ് അക്കാദമിയിലെ താരമാണ്. ടോമി ചെറിയാന്‍റെ കീഴിലായിരുന്നു ലിസ്ബെത്തിന്‍റെ പരിശീലനം. പുല്ലൂരാംപാറ സ്വദേശി സജി എബ്രഹാമിന്‍റെയും ലൻസി ജോർജിന്‍റെയും മകളാണ് ലിസ്ബത്ത് കരോലിൻ ജോസഫ്.