പ്രതിഭയല്ല, പ്രതിഭാസമായിരുന്നു ഫെഡറര്‍ എന്ന് മെസി, ശീലങ്ങള്‍ ഒരിക്കലും വിരമിക്കുന്നില്ലല്ലോ എന്ന് സച്ചിന്‍
ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫെഡറര്‍ക്ക് ആശംസയുമായി സഹതാരം റാഫേല്‍ നദാലും രംഗത്ത് എത്തിയിരുന്നു. എന്‍റെ എതിരാളിയും സുഹൃത്തുമായ പ്രിയപ്പെട്ട റോജര്‍, ഈ ദിവസം വരാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്.
പാരീസ്: ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് ആശംസയുമായി കായികലോകം. ടെന്നീസ് ലോകത്തില്‍ നിന്ന് മാത്രമല്ല, മറ്റ് കായികമേഖലയില്‍ നിന്നുള്ളവരും ഫെഡറര്‍ക്ക് ആശംസയുമായി എത്തി.
പ്രതിഭയായിരുന്നില്ല പ്രതിഭാസമായിരുന്നു ഫെഡറര്‍ എന്ന് ഫുട്ബോള്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ടെന്നീസ് ചരിത്രത്തിലെ അതുല്യ പ്രതിഭാസം, ടെന്നീസില്‍ മാത്രമല്ല ഏത് കായികതാരത്തിനും മാതൃകായാക്കാവുന്നയാള്‍, ടെന്നീസ് കോര്‍ട്ടില്‍ ഞങ്ങളെ ആന്ദിപ്പിച്ച ആ നിമിഷങ്ങള്‍ മിസ് ചെയ്യും, പുതിയ വേദിയിലും ഏറ്റവും മികച്ചത് തന്നെ താങ്കള്‍ക്ക് ലഭിക്കട്ടെ-മെസി കുറിച്ചു.
ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫെഡറര്‍ക്ക് ആശംസയുമായി സഹതാരം റാഫേല്‍ നദാലും രംഗത്ത് എത്തിയിരുന്നു. എന്‍റെ എതിരാളിയും സുഹൃത്തുമായ പ്രിയപ്പെട്ട റോജര്‍, ഈ ദിവസം വരാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. വ്യക്തിപരമായും കായികലോകത്തിനും ഇന്നത്തേത് ദു:ഖം നിറഞ്ഞ ദിവസമാണ്. ഇക്കാലമത്രയും നിങ്ങളോടൊപ്പം കളിക്കാനായതില്‍ സന്തോഷമുണ്ട് അതിനൊപ്പം അഭിമാനവും, കോര്‍ട്ടിലും പുറത്തും നമ്മള്‍ എത്രയെത്ര സുന്ദരനിമിഷങ്ങളാണ് പങ്കുവെച്ചത് എന്നായിരുന്നു നദാലിന്‍റെ ട്വീറ്റ്.
യുഗാന്ത്യം! ടെന്നിസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍
ഫെഡററുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്നലെ ഫെഡറര്‍ക്ക് ആശംസ നേര്‍ന്നിരുന്നു. എന്തൊരു കരിയറായിരുന്നു താങ്കളുടേത്. നിങ്ങള്‍ കളിച്ച ടെന്നീസ് കണ്ടാണ് നിങ്ങളില്‍ അനുരക്തരായത്. പിന്നീട് ഞങ്ങള്‍ക്ക് അതൊരു ശീലമായി. ശീലങ്ങള്‍ ഒരിക്കലും വിരമിക്കില്ലല്ലോ. അത് നമ്മുടെ ഭാഗമല്ലെ, നീങ്ങള്‍ സമ്മാനിച്ച മനോഹര ഓര്‍മകള്‍ക്ക് നന്ദി എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്.
ടെന്നീസില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡറര്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച രണ്ട് പേജ് കുറിപ്പിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.