നന്ദി റോജര്‍ ഫെഡറര്‍! ഇതിഹാസം പടിയിറങ്ങി, വിങ്ങലടക്കാനാവാതെ നദാല്‍- വീഡിയോ
ലേവർ കപ്പ് ഡബിൾസിൽ ഫെഡറർ-നദാൽ സഖ്യം തോല്‍വി വഴങ്ങുകയായിരുന്നു. ഫ്രാൻസിന്‍റെ തിയാഫോ- ജാക്സോക് സഖ്യം ജയം സ്വന്തമാക്കി.
ലണ്ടന്‍: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ലേവർ കപ്പിൽ തോൽവിയോടെയാണ് മടക്കം. ഫെഡററുടെ 24 വർഷം നീണ്ട കരിയറിന് ഇതോടെ അവസാനമായി.
ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവർ കപ്പില്‍ കൂട്ടുകാരനും ദീർഘകാര എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജര്‍ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും തിയാഫോ-ജാക്സോക് സഖ്യത്തിന് മുന്നിൽ ഇരുവരും പൊരുതി വീണു. ഇതോടെ 24 വർഷം നീണ്ട ഫെഡററുടെ ഐതിഹാസിക കരിയറിന് വിരാമമായി. കളിക്കളത്തിൽ നിന്നുള്ള ഫെഡററുടെ എന്നന്നേക്കുമുള്ള മടക്കം കൂടിയായി ഇത്. മുൻകൂട്ടി അറിയാമായിരുന്നെങ്കിലും വിങ്ങലടക്കാനാവാത്ത അനേകായിരം ആരാധകർ ഈ നിമിഷത്തിന് സാക്ഷികളായി. മത്സര ശേഷം നദാല്‍ പൊട്ടിക്കരഞ്ഞു.
20 ഗ്രാൻഡ്സ്ലാം കിരീടനേട്ടവുമായാണ് കളിക്കളത്തിൽ നിന്ന് 41കാരന്‍റെ തിരിച്ചുപോക്ക്. കഴിഞ്ഞ ഒന്നര വർഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു റോജര്‍ ഫെഡറർ. ഗ്രാൻസ്ലാം കളിച്ച് കളി മതിയാക്കാനായിരുന്നു ആഗ്രഹമത്രയും. എന്നാല്‍ ഈ കാലമത്രയും പരിക്ക് വില്ലനാവുകയായിരുന്നു. അങ്ങനെയാണ് ഫെഡറര്‍ ലേവർ കപ്പ് തന്‍റെ അവസാന വേദിയാക്കിയത്.
ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ റോജര്‍ ഫെഡറര്‍ നേരത്തെ അറിയിച്ചിരുന്നു. 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് കരിയറില്‍ ഫെഡററുടെ നേട്ടം. ഗ്രാൻസ്ലാം കിരീടങ്ങളില്‍ എട്ടും വിംബിള്‍ഡണില്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യുഎസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും ഉയര്‍ത്തി. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം. പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം.
24 മണിക്കൂര്‍ പോലെ കടന്നുപോയ 24 വര്‍ഷങ്ങള്‍, ഫെഡറര്‍ എന്ന മാറ്റാനാവാത്ത ശീലം