ഹീറ്റ്‌സിൽ ഏറ്റവും അവസാനം, ഫൈനൽസിൽ സ്വർണം; നീന്തൽക്കുളത്തില്‍ ഞെട്ടിച്ച് പതിനെട്ടുകാരന്‍ ഹഫ്‌നൗയി
സ്വർണം നേടിയ ശേഷം ഹഫ്നൗയിയിൽ നിന്നുണ്ടായ പ്രതികരണവും ഏറെ രസകരമായിരുന്നു
ടോക്കിയോ: വൈകാരികതയും കായികക്ഷമതയും സമാസമം ചാലിച്ചുകൊണ്ട് നമുക്കുമുന്നിലെത്തുന്ന ഒരു മാമാങ്കമാണ് ഒളിമ്പിക് ഗെയിംസ്. ഇന്നലെ ടോക്കിയോയിൽ നീന്തൽ മത്സരവേദിയിൽ നടന്ന പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിന്റെ അന്തിമഫലവും അത്തരത്തിൽ ഒരു ആശ്ചര്യജനകമായ സന്ദർഭമായിരുന്നു. ഫൈനൽസ് കഴിഞ്ഞപ്പോൾ സ്വർണമെഡൽ നേടിയത് അന്നോളം ഒരാളും പേരുപോലും കേട്ടിട്ടില്ലാത്ത, വെറും പതിനെട്ടുവയസ്സുമാത്രം പ്രായമുള്ള, അഹ്‌മദ് ഹഫ്നൗയി എന്ന ടുണീഷ്യൻ താരമായിരുന്നു. തന്റെ കന്നി ഒളിമ്പിക്സിൽ നീന്താനിറങ്ങിയ ഹഫ്നൗയി പിന്നിലാക്കിയത് മെഡൽ സാധ്യത ഏറെ കല്പിക്കപ്പെട്ടിരുന്ന പരിചയ സമ്പന്നരായ നിരവധി താരങ്ങളെയാണ്.
ഫൈനൽസിലേക്ക് ഹീറ്റ്‌സിൽ ഏറ്റവും അവസാനത്തെ സ്ഥാനക്കാരനായി കയറിക്കൂടിയ ഹഫ്നൗയിക്ക് സ്വർണം പോയിട്ട് വെങ്കലം പോലും കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അവസാനത്തെ അമ്പത് മീറ്ററിൽ ഹഫ്നൗയിയിൽ നിന്നുണ്ടായ കുതിപ്പ് ആ മത്സരം ലൈവായി കണ്ടുനിന്നവരിൽ വല്ലാത്തൊരു രോമാഞ്ചം തന്നെയുണ്ടാക്കി. കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ആ ഫിനിഷും, സ്വർണം നേടിയ ശേഷം ഹഫ്നൗയിയിൽ നിന്നുണ്ടായ പ്രതികരണവും ഈ ഒളിമ്പിക്സിന്റെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ചിലതായി ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെടും എന്നുറപ്പാണ്.
ഹഫ്നൗയിയുടെ സ്വർണത്തോടെ ട്യുണീഷ്യയുടെ ആകെ മെഡൽ ടാലി മൂന്നായിട്ടുണ്ട്. ട്വിറ്ററിലും അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിജയം പ്രതികരണങ്ങളുടെ ഒരു പെരുമഴയ്ക്കു തന്നെ കാരണമായി.