ടോക്യോ ഒളിംപിക്‌സ്: ലാമന്റ് ജേക്കബ്‌സ് വേഗരാജാവ്, ഫ്രെഡ് കെര്‍ലിക്ക് വെള്ളി
പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇറ്റാലിയന്‍ താരം സ്വര്‍ണം നേടിയത്.
ടോക്യോ: ഒളിംപിക്‌സിലെ വേഗതാരമായി ലാമന്റ് മാഴ്‌സല്‍ ജേക്കബ്‌സ്. പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇറ്റാലിയന്‍ താരം സ്വര്‍ണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.84), കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് (9.89) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലം നേടിയത്.
അകാലി സിംബിനെ (9.93- ദക്ഷിണാഫ്രിക്ക), റോണി ബേകര്‍ ( 9.95- അമേരിക്ക), സു ബിന്‍ഗ്ട്യാന്‍ (9.98- ചൈന) എനോച്ച് അഡെഗോകെ (നൈജീരിയ), ഹാര്‍നല്‍ ഹ്യൂഗ്‌സ് (ബ്രിട്ടണ്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നേരത്തെ വനിതകളില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ സ്വര്‍ണം നേടിയിയിരുന്നു. ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്റെ സ്വര്‍ണം നേട്ടം.
റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍(10.76) വെങ്കലവും നേടി.