മിന്നല്‍ കുതിപ്പുമായി അഭിലാഷ് ടോമി; ഗോൾഡന്‍ ഗ്ലോബ് റേസില്‍ മുന്നില്‍
ഗോൾഡൻ ഗ്ലോബ് റേസ് അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അഭിലാഷ് ടോമിയുടെ മുന്നേറ്റം
പാരിസ്: ഗോൾഡൻ ഗ്ലോബ് റേസില്‍ മലയാളി നാവികൻ അഭിലാഷ് ടോമി മുന്നില്‍. ദക്ഷിണാഫ്രിക്കയുടെ കിര്‍സ്റ്റൺ ന്യൂഷാഫറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഭിലാഷിന്‍റെ മുന്നേറ്റം. നിലവില്‍ മൂന്ന് നാവികര്‍ മാത്രമാണ് മല്‍സരരംഗത്ത് അവശേഷിക്കുന്നത്.
ഗോൾഡൻ ഗ്ലോബ് റേസ് അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അഭിലാഷ് ടോമിയുടെ മുന്നേറ്റം. റേസ് അവസാനിക്കുന്ന ഫ്രാന്‍സിലെ സാബ്ലെ ദൊലാൻ തുറമുഖത്ത് നിന്ന് ഏകദേശം 1100 നോട്ടിക്കൽ മൈല്‍ ദൂരെയാണ് അഭിലാഷ് ടോമി ഉള്ളത്. പോര്‍ച്ചുഗലിന്‍റെ മേഖലയിലൂടെയാണ് ഇപ്പോൾ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ബയാനത്ത് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. തീരത്ത് നിന്ന് കൂടുതല്‍ അകന്ന് മാറിക്കൊണ്ടുള്ള പാത തിരഞ്ഞെടുത്ത അഭിലാഷിന്‍റെ തന്ത്രപരമായ നീക്കമാണ് ലീഡ് നേടിക്കൊടുത്തത്. മികച്ച കാറ്റ് ലഭിക്കുന്ന അനുകൂല സാഹചര്യം അഭിലാഷ് ടോമി പരമാവധി ഉപയോഗപ്പെടുത്തി. എന്നാല്‍ പോര്‍ച്ചുഗീസ് തീരത്തോട് ചേര്‍ന്ന് കാറ്റ് ഇല്ലാത്ത മേഖലയില്‍ കുടുങ്ങി കിടക്കുകയാണ് മുഖ്യ എതിരാളിയായ കിര്‍സ്റ്റണ്‍ ന്യൂഷാഫര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ന്യൂഷാഫറായിരുന്നു റേസില്‍ ഒന്നാമത്. നിലവില്‍ കിര്‍സ്റ്റനും അഭിലാഷ് ടോമിയും തമ്മില്‍ ആറ് മണിക്കൂറിന്‍റെ ദൂരവ്യത്യാസമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കിര്‍സ്റ്റനേക്കാൾ 23 മണിക്കൂര്‍ മുമ്പ് ഫിനിഷ് ചെയ്താല്‍ അഭിലാഷ് ടോമിക്ക് ഗോൾഡന്‍ ഗ്ലോബ് റേസില്‍ കിരീടം ചൂടാം.
കഴിഞ്ഞ നവംബറില്‍ ടാപിയോ എന്ന സഹതാരം അപകടത്തില്‍ പെട്ടപ്പോൾ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് അഭിലാഷ് ടോമിക്ക് 12 മണിക്കൂറും കിര്‍സ്റ്റന് 35 മണിക്കൂറും കോംപന്‍സേറ്ററി ടൈം അനുവദിച്ചിരുന്നു. ഈ സമയം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുക. മുപ്പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റേസില്‍ രണ്ട് താരങ്ങളും ഇരുപത്തിയൊമ്പതിനായിരത്തിലധികം കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞു.
Read more: ഗോൾഡന്‍ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്, രണ്ടാം സ്ഥാനത്ത് തുടരുന്നു