ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാവും; മത്സരം പൊന്‍മുടിയില്‍
ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന “ഡൗൺ ഹിൽ മത്സരങ്ങളും 4 കിലോമീറ്റർ ദൈർഘ്യം വരുന്ന “ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം. പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരം.
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു .തിരുവനന്തപുരത്ത് പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബർ 26 മുതൽ 29 വരെയാണ് മത്സരങ്ങൾ.
30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കാണ് പൊൻമുടി വേദിയാവുക . 2024-ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള ഏഷ്യയിലെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണിത്. ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ മത്സരങ്ങളിൽ പങ്കെടുക്കും.
ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന “ഡൗൺ ഹിൽ മത്സരങ്ങളും 4 കിലോമീറ്റർ ദൈർഘ്യം വരുന്ന “ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണം. പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരം.
മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‍റെ സ്വാഗതസംഘം രൂപീകരണം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.കേരളത്തെ ലോക കായിക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ ലഭിച്ച അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്ങ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കേരള സൈക്ലിംഗ് അസോസിയേഷനാണ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുക. യോഗത്തിൽ സംസ്ഥാന കായിക യുവജന വകുപ്പ് ഡയറക്ടർ എസ് പ്രേം കൃഷ്ണൻ, സി സി എഫ് ജസ്റ്റിൻ മോഹൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി,സൈക്ലിങ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ് എസ് സുധീഷ് കുമാർ, കേരള സൈക്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ബി ജയപ്രസാദ്, സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് കരമന ജയൻ വിവിധ മേഖലകളിൽ നിന്നുള്ള കായിക താരങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.