ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നു, വില്ലനായി പണം; കായിക പ്രേമികളുടെ സഹായം തേടി മലയാളി സോഫ്റ്റ് ബോള്‍ താരം

 

'രാജ്യത്തിന് വേണ്ടി മത്സരിക്കുകയെന്നതായിരുന്നു കുട്ടികാലം മുതല്‍ സര്‍ഫാസിന്റെ സ്വപ്നം. ലോഡ്ജ് ജീവനക്കാരനായ അച്ഛന് മകന്‍റെ യാത്രയ്ക്കുള്ള പണം കണ്ടെത്താൻ കഴിയുന്നില്ല.'

kerala softball player sarfas seeking help

പത്തനംതിട്ട: സോഫ്റ്റ് ബോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിയെത്തിയിട്ടും ജപ്പാനിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായി യുവ കായികതാരം. കണ്ണൂര്‍ സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ത്ഥിയുമായ സര്‍ഫാസ് ആണ് കായിക പ്രേമികളുടെ സഹായം തേടുന്നത്. 

സോഫ്റ്റ് ബോളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് രാജ്യത്തിന് വേണ്ടി മത്സരിക്കുകയെന്നതായിരുന്നു കുട്ടികാലം മുതല്‍ സര്‍ഫാസിന്റെ സ്വപ്നം. അച്ഛന്‍ സത്താറും ഒന്നാം തരം സോഫ്റ്റ് ബോള്‍ താരമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കളി മുന്നോട്ട് കൊണ്ടുപോകാനായില്ല. മകനെയും സോഫ്റ്റ് ബോള്‍ പരിശീലിപ്പിച്ചു. തനിക്ക് കഴിയാതെ പോയത് മകനിലൂടെ നേടുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ സര്‍ഫാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. പക്ഷെ വീണ്ടും വില്ലനായത് പണം തന്നെ. ജൂണില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനൊപ്പം ചേരണമെങ്കില്‍ യാത്രാപ്പടിയായി രണ്ട് ലക്ഷം രൂപ വേണം. മട്ടന്നൂരിലെ ലോഡ്ജില്‍ ജോലിക്കാരനായ സത്താറിന് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ല. 

നിലവില്‍ പണം നല്‍കാനുള്ള കാലാവധി കഴിഞ്ഞെങ്കിലും കേരള സോഫ്റ്റ് ബോള്‍ ടീം കോച്ച് കുഞ്ഞുമോന്‍ അടക്കം ഇടപെട്ട് സമയം നീട്ടി വാങ്ങിയിട്ടുണ്ട്. ഈ മാസം 28ന് പോണ്ടിച്ചേരിയില്‍ 18 അംഗ ഇന്ത്യന്‍ താരങ്ങളുടെ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. അതിന് മുന്‍പ് സഹായവുമായി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷിയിലാണ് ഈ യുവ ഇന്ത്യന്‍ താരം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യര്‍ത്ഥിയാണ് സര്‍ഫാസ്. സ്‌കൂള്‍ തലം മുതല്‍ സബ്ജൂനിയര്‍, ജൂനിയര്‍ ടീമില്‍ സ്ഥിരാംഗമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സഹോദരനും സോഫ്റ്റ് ബോള്‍ താരമാണ്. ഇരുവരുടെയും ആദ്യ ഗുരു അച്ഛന്‍ സത്താര്‍ തന്നെ.

 ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി, വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്
 

Latest Videos
Follow Us:
Download App:
  • android
  • ios