Asianet News MalayalamAsianet News Malayalam

ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിൽ റെക്കോര്‍ഡിട്ട് മലപ്പുറം സ്വദേശി നിദ അന്‍ജും ചേലാട്ട്

ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് ഇന്ത്യയുടെ കുതിരയോട്ട മത്സര ചരിത്രത്തിലെ റെക്കോർഡ് നിദ സ്വന്തം പേരിലാക്കിയത്.

Kerala Girl Nida Anjum Chelat sets equestrian world record in Endurance World Championship
Author
First Published Sep 10, 2024, 4:13 PM IST | Last Updated Sep 10, 2024, 4:13 PM IST

കൊച്ചി: ദീർഘദൂര കുതിരയോട്ടത്തിലെ ആഗോള ചാമ്പ്യൻഷിപ്പായ എഫ്.ഈ.ഐ എൻഡ്യൂറൻസ് ടൂർണമെന്‍റിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി റെക്കോർഡിട്ട്  മലപ്പുറം തിരൂർ സ്വദേശിനി അന്‍ജും ചേലാട്ട്. ഈ വിഭാഗത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും ഇനി 22കാരിക്ക് സ്വന്തം. ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന മത്സരത്തിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് ഇന്ത്യയുടെ കുതിരയോട്ട മത്സരചരിത്രത്തിലെ റെക്കോർഡ് നിദ സ്വന്തം പേരിലാക്കിയത്.

ആഗോളതലത്തിൽ ഇന്ത്യൻ കായികരംഗം ഒരു സുപ്രധാന നാഴികക്കല്ലാണ് നിദയിലൂടെ മറികടന്നത്. ഇന്‍റർനാഷണൽ എക്യുസ്ട്രിയൻ ഫെഡറേഷനാണ് (എഫ്.ഇ.ഐ) മത്സരം സംഘടിപ്പിച്ചത്. കടുത്ത പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ശേഷമാണ് നിദ പങ്കെടുക്കാൻ യോഗ്യത നേടിയത്. യു.എ.ഇ, ബഹ്‌റൈൻ, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച കുതിരയോട്ടക്കാരായിരുന്നു നിദയുടെ എതിരാളികൾ. ഇന്ത്യക്കാർക്ക് ഈ കായികയിനം അത്ര പരിചിതമല്ലെങ്കിലും, പല രാജ്യങ്ങളിലും അവരുടെ സാംസ്‌കാരികപാരമ്പര്യത്തിന്‍റെ ഭാഗമാണ് കുതിരയോട്ടം. നിദ ഉൾപ്പെടെ 45 പേർ മാത്രമാണ് അവസാനം വരെ മത്സരത്തിൽ പിടിച്ചുനിന്നത്.

ടെസ്റ്റില്‍ അവന്‍ എക്കാലത്തെയും മികച്ചവരില്‍ ഒരാളാവും, ഇന്ത്യൻ താരത്തെക്കുറിച്ച് സൗരവ് ഗാംഗുലി

12 വയസുപ്രായമുള്ള തന്‍റെ വിശ്വസ്ത പെൺകുതിര പെട്ര ഡെൽ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ 160 കിലോമീറ്റർ ദൈർഖ്യമുള്ള പാത, വെറും 10 മണിക്കൂർ 23 മിനുട്ട് കൊണ്ടാണ് നിദ കീഴടക്കിയത്. 73 കുതിരകൾ അയോഗ്യത നേടി പുറത്തായി.

Kerala Girl Nida Anjum Chelat sets equestrian world record in Endurance World Championshipഅസാമാന്യ കരുത്തും കായികക്ഷമതയും മാത്രമല്ല, ഓടിക്കുന്ന കുതിരയുമായി അഭേദ്യമായ ആത്മബന്ധം കൂടിയുണ്ടെങ്കിലേ മത്സരം പൂർത്തിയാക്കാൻ കഴിയൂ. ആദ്യഘട്ടത്തിൽ 61-ാം സ്ഥാനത്തായിരുന്നു നിദ. രണ്ടാം ഘട്ടത്തിൽ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41-ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോൾ നിദ 36-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27-ാം സ്ഥാനത്തെത്തി. അവസാനലാപ്പിൽ 17ആം സ്ഥാനമെന്ന മികച്ച റെക്കോർഡോടു കൂടിയാണ് നിദ ഓടിയെത്തിയത്.

മത്സരം എങ്ങനെ

മണിക്കൂറിൽ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം. എഫ്.ഇ.ഐയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഓടിക്കുന്ന കുതിരയുടെ ആരോഗ്യപരിപാലനം വളരെ പ്രധാനമാണ്. കുതിരയ്ക്കും പങ്കെടുക്കുന്നയാളിനും ശാരീരികക്ഷമതയും വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവും പൂർണആരോഗ്യവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ മത്സരിക്കാനുള്ള അനുമതി ലഭിക്കൂ. 38.65 കി.മീ, 20.22 കി.മീ, 31.72 കി.മീ, 20.22 കി.മീ, 23.12 കി.മീ, 26.07 കി.മീ എന്നിങ്ങനെ ദൈർഖ്യമുള്ള ആറ് ഘട്ടങ്ങളിലാണ് മത്സരിക്കേണ്ടത്.

'മഹാരാഷ്ട്രക്കാരുടെ സഞ്ജു സാംസണ്‍', റുതുരാജിനെ ടെസ്റ്റ് ടീമില്‍ നിന്ന തഴഞ്ഞതിനെതിരെ ആരാധകര്‍

ഓരോ മണിക്കൂറിലും ശരാശരി 18 കി.മീ. വേഗമെങ്കിലും കൈവരിക്കണം. ആദ്യത്തെ മൂന്നു ഘട്ടങ്ങൾക്കിടയിൽ കുതിരയ്ക്ക് വിശ്രമിക്കാൻ 40 മിനിറ്റ് ഇടവേള ലഭിക്കും. നാലാമത്തെയും അഞ്ചാമത്തേയും ഘട്ടങ്ങൾക്ക് ശേഷം 50 മിനിറ്റായിരിക്കും ഇടവേള. ഓരോ ഘട്ടത്തിലും വിദഗ്ധരായ മൃഗഡോക്ടർമാർ കുതിരയുടെ ആരോഗ്യവും ക്ഷമതയും പരിശോധിച്ച് വിലയിരുത്തും. കുതിരയുടെ ആരോഗ്യം മോശമാകുന്ന മത്സരാർത്ഥികൾ അയോഗ്യരാക്കപ്പെടും.

എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ഏറെ ആസ്വദിച്ചു. ഇന്ത്യൻ ജനത നൽകിയ സ്നേഹവും പിന്തുണയുമാണ് അവസാനം വരെ പൊരുതാൻ തുണയായത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നതായും മത്സരത്തിന് ശേഷം നിദ അന്‍ജും ചേലാട്ട് പറഞ്ഞു.

കഴിഞ്ഞ വർഷം, എഫ്.ഇ.ഐയുടെ എക്യൂസ്ട്രിയൻ (കുതിരയോട്ടം) ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡേഴ്‌സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയ വനിതയായി നിദ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റർ ദൈർഘ്യമുള്ള ആ മത്സരം റെക്കോർഡ് സമയത്തിനുള്ളിലാണ് നിദ പൂർത്തിയാക്കിയത്.

ആരാണ് നിദ

Kerala Girl Nida Anjum Chelat sets equestrian world record in Endurance World Championshipമലപ്പുറം സ്വദേശികശും റീജൻസി ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്‍റെയും മിന്നത് അൻവർ അമീനിന്‍റെയും മകളായ നിദ കുട്ടിക്കാലത്ത് മാാതപിതാക്കള്‍ക്കൊപ്പം ദുബായിൽ എത്തിയതുമുതലാണ് കുതിരകളുമായി കൂട്ടായത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് സ്വാർഡ് പുരസ്‌കാരം സ്വന്തമാക്കി അന്താരാഷ്ട്ര മത്സരവേദിയിലെത്തുന്നത്. അവിടെ നിന്നാണ് ഇപ്പോൾ ഈ കായികയിനത്തിൽ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചാമ്പ്യൻഷിപ്പുകളിൽ എത്തിനിൽക്കുന്നത്. അറിയപ്പെടുന്ന കുതിരയോട്ടക്കാരനും പരിശീലകനും തന്‍റെ ഗുരുവുമായ അലി അൽ മുഹൈരിയാണ് നിദയെ ഈ രംഗത്തേക്ക് കടന്നുവരാൻ വളരെയേറെ സ്വാധീനിച്ചത്. ഒന്നിൽക്കൂടുതൽ തവണ 160 കിലോമീറ്റർ കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ എന്ന പദവി നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് നിദ.

വെറുതെയാണോ റിഷഭ് പന്ത് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയത്; ദുലീപ് ട്രോഫിയില്‍ പറക്കും ക്യാച്ചുമായി പന്ത്

തഖാത് സിങ് റാവോ ആണ് പേഴ്സണൽ ട്രെയിനർ. ഡോ. മുഹമ്മദ് ഷാഫിയാണ് വെറ്ററിനറി കൺസൽട്ടൻറ്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബിർമിങ്ഹാമിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽ നിന്നും ഐബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ. ഇപ്പോൾ സ്‌പെയിനിൽ മാനേജ്‌മെന്‍റിലും ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റിലും മാസ്റ്റേഴ്‌സ് ചെയ്യുന്നു. ഡോ. ഫിദ അൻജൂം ചേലാട്ട് സഹോദരിയാണ്. ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത മത്സരത്തിൽ ബഹ്‌റൈനും യുഎഇയുമാണ് സ്വർണവും വെള്ളിയും നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും ചൈനയുമാണ് ജേതാക്കൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios