Kerala Games 2022: കേരള ഗെയിംസ് 2022ന് തുടക്കമായി
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശ്വാരൂഢസേനക്കു പിന്നാലെ ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022ന്(Kerala Games 2022) തുടക്കമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശ്വാരൂഢസേനക്കു പിന്നാലെ ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്‌ലറ്റുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
ഇവര്‍ക്ക് തൊട്ടുപിന്നിലായി രാജ്യത്തിന്‍റെ അഭിമാനമായ ഒളിംപിക് മെഡല്‍ ജേതാക്കള്‍ മേരി കോമും പി.ആര്‍. ശ്രീജേഷും രവികുമാര്‍ ദഹിയയും ബജ്രംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും അലക്സ് ആന്റണിയും കെ.ടി. ഇര്‍ഫാനും എം.പി. ജാബിറും തുറന്ന ജീപ്പിലേറി മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി. ഇതിനു പിന്നാലെ 14 ജില്ലകളില്‍ നിന്നുമുള്ള കായിക താരങ്ങളും കായിക പ്രേമികളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാര്‍ച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രാജീവ് സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനായി.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനും, രവി കുമാര്‍ ദഹിയക്കും, ബജ്‌റംഗ് പൂനിയക്കും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും അന്റണി രാജുവും അവാര്‍ഡുകള്‍ സമ്മാനിച്ചു. മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങി. ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡ് ജേതാക്കളായ അജയ് ബെന്നിനും ജയേഷ് പൂക്കോട്ടൂരിനും, ഫഹദ് മുനീറിനും മേരികോം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ജില്ലാ കലക്റ്റര്‍ നവ്‌ജോത് സിങ് ഖോസ, ചീഫ് സെക്രട്ടറി വി.പി. ജോയ്, വി.കെ. പ്രശാന്ത് എംഎല്‍എ, ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി. മോഹന്‍ദാസ്, ഒളിമ്പിക് അസോസിയേഷന്‍ ട്രഷറര്‍ എം.ആര്‍. രഞ്ജിത്ത്, സായ് എല്‍എന്‍സിപി പ്രിന്‍സിപ്പാള്‍ ഡോ ജി. കിഷോര്‍, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാവ്, കെ.സി. ലേഖ, സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസ്, ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്.എഎന്‍. രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, ഡോ വിജു ജേക്കബ്, പ്രേംകുമാര്‍, എം.കെ. ബിജു, ഹരികുമാര്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഗെയിംസിലെ മത്സരങ്ങള്‍ നാളെയാരംഭിക്കും ഈ മാസം 10ന് ഗെയിംസ് സമാപിക്കും.