കേരള ഗെയിംസ് 2022: ബാഡ്‌മിന്‍റണ്‍ കോര്‍ട്ട് പിടിച്ചടക്കി കോഴിക്കോടും എറണാകുളവും
പുരുഷ വിഭാഗത്തില്‍ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി കോഴിക്കോട് ടീം ചാംപ്യന്മാരായപ്പോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി എറണാകുളം സ്വര്‍ണം നേടി.
തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ(Kerala Games 2022) ബാഡ്‌മിന്‍റണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളത്തിന്റെയും കോഴിക്കോടിന്റെയും ആധിപത്യം. പുരുഷ വിഭാഗത്തില്‍ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി കോഴിക്കോട് ടീം ചാംപ്യന്മാരായപ്പോള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി എറണാകുളം സ്വര്‍ണം നേടി.
നീരജ് റഹ്‌മാന്‍, കെ. ഗോവിന്ദ്, നവനീത് രമേശ്, എസ്. സുന്‍ജിത്, അരവിന്ദ് സുരേഷ്, അമൃത് ഭാസ്‌കര്‍, ഉദയ് പ്രകാശ് എന്നിവരാണ് കോഴിക്കോടിനു വേണ്ടി സ്വര്‍ണം നേടിയത്. വിജയ് കൃഷ്ണനാണ് കോഴിക്കോടിന്റെ പരിശീലകന്‍. ദിയ അരുണ്‍, അര്‍ച്ചന വര്‍ഗ്ഗീസ്, റന്യ രാജന്‍, മേരി അതുല്യ അനില്‍ എന്നിവരടങ്ങിയ സംഘമാണ് എറണാകുളത്തിനു വേണ്ടി സ്വര്‍ണം നേടിയത്.
എം.എസ്. സൂരജാണ് പരിശീലകന്‍. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരവും ആലപ്പുഴയും മൂന്നാം സ്ഥാനം പങ്കിട്ടു. വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പാലക്കാടുമാണ് മൂന്നാം സ്ഥാനത്ത്. പുരുഷ വിഭാഗം ഫൈനല്‍സില്‍ മൂന്നു സിംഗിള്‍സ് മത്സരങ്ങളും രണ്ടു ഡബിള്‍സ് മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ആദ്യം നടന്ന രണ്ടു സിംഗിള്‍സ് മത്സരങ്ങളും പിന്നീടു നടന്ന ഒരു ഡബിള്‍സ് മത്സരവും വിജയിച്ച് 3-0 എന്ന മാര്‍ജിനില്‍ കോഴിക്കോട് ആധികാരികമായ വിജയം നേടി.
കോഴിക്കോടിനു വേണ്ടി സിംഗിള്‍സ് മത്സരത്തിനിറങ്ങിയ കെ. ഗോവിന്ദ് എറണാകുളത്തിന്റെ ഡെയ്ന്‍ മാക്‌സനെയും (21-11, 22-20), നവീന്‍ രമേശ് എറണാകുളത്തിന്റെ ജെറി എം ജോണിനേയും (21-18, 21-17) പരാജയപ്പെടുത്തി. ഡബിള്‍സില്‍ കോഴിക്കോടിന്റെ നവീന്‍ രമേശ്, എസ്.സുന്‍ജിത്ത് സഖ്യം എറണാകുളത്തിന്റെ അനുപക് സേവ്യര്‍ രോഹിത് ജയകുമാര്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍- 21-17, 21-18.
വനിത വിഭാഗം ഫൈനല്‍സില്‍ രണ്ടു സിംഗിള്‍സ് മത്സരങ്ങളും ഒരു ഡബിള്‍സ് മത്സരവുമാണ് ഉള്‍പ്പെടുത്തിയത്. ആദ്യ സിംഗിള്‍സും പിന്നീടു നടന്ന ഡബിള്‍സും വിജയിച്ച് 2-0 എന്ന മാര്‍ജിനില്‍ എറണാകുളം ചാംപ്യന്മാരായി. സിംഗിള്‍സില്‍ എറണാകുളത്തിന്റെ ദിയ അരുണ്‍ കോഴിക്കോടിന്റെ ഗായത്രി നമ്പ്യാരെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-11, 21-13. ഡബിള്‍സില്‍ ദിയ അരുണ്‍, അര്‍ച്ചന വര്‍ഗ്ഗീസ് സഖ്യം കോഴിക്കോടിന്റെ നയന ഒയാസീസ്, ഗായത്രി നമ്പ്യാര്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍- 25-23, 17-21, 21-9.