Kerala Games: അശ്വിനും ഷെല്‍ഡയും അതിവേഗക്കാര്‍; അത്‌ലറ്റിക്‌സിലും തിരുവനന്തപുരത്തിന്‍റെ മുന്നേറ്റം
15 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും അടക്കം 26 പോയന്‍റോടെ തിരുവനന്തപുരം പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
തിരുവനന്തപുരം: പ്രഥമ കേരളെ ഗെയിംസിലെ(Kerala Games) അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റിക്‌സ് ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ തിരുവനന്തപുരം ജില്ല മുന്നിട്ടു നില്‍ക്കുന്നു. 15 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും അടക്കം 26 പോയന്‍റോടെ തിരുവനന്തപുരം പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 20 പോയന്‍റുമായി എറണാകുളവും രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 19 പോയന്‍റുമായി ആലപ്പുഴയും തൊട്ടു പിന്നില്‍ രണ്ടും മുന്നും സ്ഥാനങ്ങളിലുണ്ട്.
ആദ്യ ദിവസം നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരത്തിന്‍റെ കെ.പി. അശ്വിനാണ് മീറ്റിലെ ഏറ്റവും വേഗമേറിയ പുരുഷ താരം. ആലപ്പുഴയുടെ എ.പി. ഷെല്‍ഡ വേഗമേറിയ വനിതാ താരമായി. പുരുഷന്മാരുടെ 100 മീറ്ററിര്‍ തൃശൂരിന്‍റെ ടി. മിഥുന്‍ വെള്ളിയും പാലക്കാടിന്‍റെ എം. മനീഷ് വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്‍റെ എം. നിബയ്ക്കാണ് വെള്ളി. കോട്ടയത്തിന്‍റെ സാന്ദ്രമോള്‍ സാബു വെങ്കലം നേടി.
പുരുഷന്മാരുടെ 10000 മീറ്ററിര്‍ പാലക്കാടിന്‍റെ എ.പി. അക്ഷയ് സ്വര്‍ണം നേടി. കൊല്ലത്തിന്‍റെ ബി കണ്ണന്‍ വെള്ളിയും എറണാകുളത്തിന്റെ ആന്‍റണി വര്‍ഗ്ഗീസ് വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 10000 മീറ്ററില്‍ കൊല്ലത്തിന്‍റെ എ. അശ്വിനിക്കാണ് സ്വര്‍ണം. മലപ്പുറത്തിന്‍റെ കെ. വിസ്മയ വെള്ളി നേടി.
വനിതകളുടെ 400 മീറ്ററില്‍ തിരുവനന്തപുരത്തിന്‍റെ അന്‍സ ബാബു സ്വര്‍ണവും പത്തനംതിട്ടയുടെ ഷീബ ഡാനിയേല്‍ വെള്ളിയും കണ്ണൂരിന്‍റെ എല്‍. മേഘ മുരളി വെങ്കലവും നേടി. വനിതകളുടെ 1500 മീറ്ററില്‍ തൃശൂരിന്‍റെ കെ.പി. അക്ഷയ സ്വര്‍ണം നേടി. കൊല്ലത്തിന്‍റെ ശ്രതു രാജ് വെള്ളിയും പാലക്കാടിന്‍റെ ജി. ആര്യ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആലപ്പുഴയുടെ ആര്‍. ശ്രീലക്ഷിക്കാണ് സ്വര്‍ണം. തൃശൂരിന്‍റെ ഇ.എസ്. ശിവപ്രിയ വെള്ളിയും തിരുവനന്തപുരത്തിന്‍റെ ഡി. ഷീബ വെങ്കലവും നേടി. വനിതകളുടെ ലോങ് ജംപില്‍ കണ്ണൂരിന്‍റെ ജെറീന ജോണ്‍ സ്വര്‍ണം നേടി. തിരുവനന്തപുരത്തിന്‍റെ രമ്യ രാജന്‍ വെള്ളിയും തൃശൂരിന്‍റെ ദേവനന്ദ വിനോദ് വെങ്കലവും നേടി. വനിതകളുടെ ഹാമര്‍ത്രോയില്‍ എറണാകുളം ജില്ല സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. കെസിയ മറിയം ബെന്നിയാണ് സ്വര്‍ണം നേടിയത്. ബ്ലെസ്സി ദേവസ്യ വെള്ളിയും ആന്‍ മരിയ ജോസഫ് വെങ്കലവും നേടി.
പുരുഷന്മാരുടെ 400 മീറ്ററില്‍ കോട്ടയത്തിന്‍റെ ജെറിന്‍ ജോയ് സ്വര്‍ണവും ആലപ്പുഴയുടെ അഭിജിത് സിമോണ്‍ വെള്ളിയും മലപ്പുറത്തിന്‍റെ എന്‍.എച്ച് ഫായിസ് വെങ്കലവും നേടി. 1500 മീറ്ററില്‍ കോട്ടയത്തിന്റെ ബഞ്ചമിന്‍ ബാബുവിനാണ് സ്വര്‍ണം. തൃശൂരിന്‍റെ എ.എസ്. ശ്രീരാഗ് വെള്ളിയും മലപ്പുറത്തിന്റെ പി. മുഹമ്മദ് വാസില്‍ വെങ്കലവും നേടി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ ബേസില്‍ മുഹമ്മദ് സ്വര്‍ണം നേടിയപ്പോള്‍ ആലപ്പുഴയുടെ ധന്‍ കൃഷ്ണന്‍ വെള്ളിയും പത്തനംതിട്ടയുടെ യു. വിഷ്ണു വെങ്കലവും നേടി.
ലോങ് ജംപില്‍ തിരുവനന്തപുരത്തിന്‍റെ മുഹമ്മദ് ആസിഫിനാണ് സ്വര്‍ണം. ആലപ്പുഴയുടെ ആര്‍. സജന്‍ വെള്ളിയും തിരുവനന്തപുരത്തിന്‍റെ കെ. സിറാജുദ്ദീന്‍ വെങ്കിലവും സ്വന്തമാക്കി. പുരുഷന്മാരുടെ ഡിസകസ് ത്രോ മത്സരത്തില്‍ കണ്ണൂരിന്റെ സി.ബി. ബിമല്‍ സ്വര്‍ണം നേടി. എറണാകുളത്തിന്‍റെ മെല്‍ബിന്‍ സിബിക്കാണ് വെള്ളി. കോട്ടയത്തിന്റെ ഡീന്‍ ബിജു വെങ്കലം നേടി. ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ വിഗ്നേശ് സ്വര്‍ണവും തിരുവനന്തപുരത്തിന്റെ റോഷിന്‍ ആര്‍ രാജ് വെള്ളിയും തൃശൂരിന്റെ മുഹമ്മദ് ആഷിഖ് വെങ്കലവും നേടി.
ജാവലിന്‍ ത്രോ മത്സരത്തില്‍ എറണാകുളത്തിന്റെ അരുണ്‍ ബേബി സ്വര്‍ണവും ജിബിന്‍ തോമസ് വെള്ളിയും നേടി. പത്തനംതിട്ടയുടെ എ.പി. അബുദേവിനാണ് വെങ്കലം.