'ഇന്ത്യക്കൊരു വിശിഷ്‌ട മകനെ നഷ്‌ടമായി'; മില്‍ഖാ സിംഗിനെ അനുസ്‌മരിച്ച് മുഖ്യമന്ത്രി
വിടവാങ്ങിയ ഇതിഹാസ ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാ സിംഗിന് കേരളത്തിന്‍റെ പ്രണാമം. അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: അന്തരിച്ച അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കേരളത്തിന്‍റെ പ്രണാമം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇന്ത്യൻ അത്‌ലറ്റിക്‌സിനെ ആഗോള വേദിയിലെത്തിച്ചതില്‍ പ്രഥമ സ്ഥാനീയനാണ് മിൽഖാ സിംഗ്. ട്രാക്കിലും പുറത്തുമുള്ള അദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യം രാജ്യത്തിന് തുടര്‍ന്നും പ്രചോദനമാകും. ഇന്ത്യക്കൊരു വിശിഷ്ട മകനെയാണ് നഷ്ടമായത്. ഇതിഹാസത്തിന് കേരളം ആദരാഞ്ജലികള്‍ അർപ്പിക്കുന്നു' എന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
വെള്ളിയാഴ്‌ച രാത്രി 11.30ഓടെയാണ് മില്‍ഖാ സിംഗ് മരണപ്പെട്ടത്. 91 വയസായിരുന്നു. ചണ്ഡീഗഡിൽ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദേഹം ചികില്‍സയിലായിരുന്നു. മെയ് 20നായിരുന്നു മില്‍ഖാ കൊവിഡിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില കൂടുതല്‍ വഷളാവുകയുമായിരുന്നു.
പറക്കും സിംഗ് എന്ന പേരിലറിയപ്പെടുന്ന മില്‍ഖാ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖാ സിങ് 1956 മെല്‍ബണ്‍ ഒളിംപിക്‌സിലും 1960 റോം ഒളിംപിക്‌സിലും 1964 ടോക്യോ ഒളിംപിക്‌സിലും ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിച്ചു. റോമില്‍ നാലാം സ്ഥാനത്തെത്തി ചരിത്രമെഴുതി. വെറും 0.1 സെക്കന്‍റ് വ്യത്യാസത്തിലാണ് വെങ്കലമെഡല്‍ നഷ്ടമായത്. 1959ല്‍ പദ്‌മശ്രീ നല്‍കി രാജ്യം മില്‍ഖായെ ആദരിച്ചു.
പത്‌നിയും ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്‍റെ വേര്‍പാടുണ്ടായി അഞ്ച് ദിവസത്തിന് ശേഷമാണ് മില്‍ഖാ സിംഗിന്‍റെ മരണം സംഭവിച്ചത്. നിര്‍മല്‍ കൗറിനും കൊവിഡ് പിടിപെട്ടിരുന്നു.
ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു
പറക്കും സിങ്; വിടവാങ്ങിയത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona