കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവം; കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ എംഎല്‍എ
ബ്ലാസ്റ്റേഴ്സ് പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും എംഎല്‍എ അറിയിച്ചു.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തിൽ കുട്ടികളോട് മാപ്പ് പറഞ്ഞ് പി വി ശ്രീനിജിൻ എംഎൽഎ. ട്രയൽസ് നടക്കുന്ന വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കിൽ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പി വി ശ്രീനിജിൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടി കിടന്നതാണ്. അനുമതി ഉണ്ടേൽ തുറന്ന് കൊടുക്കാറാണ് പതിവെന്നും എംഎല്‍എ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് പേടിപ്പിച്ചാണ് കരാർ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സി കുട്ടനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്‌സി കുട്ടനെന്നും ശ്രീനിജിൻ ആരോപിച്ചു.
ഗേറ്റ് പൂട്ടിയിട്ട് സെലക്ഷൻ ട്രയലിനെത്തിയ വിദ്യാർത്ഥികളെ റോഡരികിൽ ഇരുത്തിയ സംഭവത്തിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ പി വി ശ്രീനിജിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇന്നലെ ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷൻ ട്രയൽ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്‍റെ നിർദ്ദേശം.
Also Read: 'ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പിടീപ്പിച്ചത്'; പി വി ശ്രീനിജനെതിരെ മേഴ്സിക്കുട്ടന്‍
ഇതിനിടെ ശ്രീനിജിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷ മേഴ്സി കുട്ടൻ രംഗത്ത് വന്നു. എതിർപ്പുകൾ മറികടന്ന് ചട്ടം ലംഘിച്ചാണ് ശ്രീനിജിൻ ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ച് കരാർ മാറ്റി എഴുതിച്ചതെന്ന് ആരോപിച്ച് മേഴ്സി കുട്ടൻ രംഗത്ത് വന്നു. പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ ജില്ലാ കൗൺസിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണ്. ശ്രീനിജിൻ എറണാകുളം ജില്ല കൗൺസിൽ അധ്യക്ഷനായ ശേഷം കായികരംഗത്ത് ജില്ലയെ പിന്നോട്ട് അടിച്ചുവെന്നും ആക്ഷേപം.
കായിക വകുപ്പ് മന്ത്രിയുടെ ഇടപെടലിലാണ് ഇന്നലെ ഗേറ്റ് തുറന്ന് കൊടുത്ത് കുട്ടികളെ അകത്ത് പ്രവേശിപ്പിച്ചത്. സിപിഎം എംഎൽഎയായ പി വി ശ്രീനിജിനോട് വിശദീകരണം ആരാഞ്ഞെങ്കിലും കടുത്ത നടപടിയിലേക്ക് സർക്കാർ കടക്കുന്നില്ലെന്നാണ് വിവരം. സിപിഎം എറണാകുളം ജില്ല കമ്മിറ്റിയുടെയും പിന്തുണ ശ്രീനിജിന് ഉള്ളതിനാൽ പ്രശ്നം ഇനി കൂടുതൽ വഷളാക്കേണ്ടതില്ലെന്നുമാണ് തീരുമാനം. എന്നാൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഇരുകൂട്ടരും പിന്നോട്ട് പോകുന്നില്ല. ജില്ലാ കൗൺസിലിന് തന്നെയാണ് സ്റ്റേഡിയത്തിൽ അവകാശമെന്നും കുടിശിക വരുത്തിയ ഘട്ടത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ആവർത്തിക്കുകയാണ് ശ്രീനിജിൻ. അതേസമയം കുടിശിക ഇല്ലെന്നും എന്നാൽ തർക്കത്തിൽ പങ്കുചേരാൻ താല്പര്യമില്ലാത്തതിനാൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ അറിയിച്ചു.