'ഉറപ്പാണ്, പൊളിഞ്ഞു വീഴില്ല' ആന്റി സെക്സ് കട്ടിൽ വിവാദത്തിൽ വീഡിയോ സഹിതം വിശദീകരണവുമായി സംഘാടകർ
അത്ര എളുപ്പത്തിലൊന്നും കട്ടിൽ പൊളിഞ്ഞു വീഴില്ല എന്നാണ് വീഡിയോയിൽ ഉദാഹരണ സഹിതം ജിംനാസ്റ്റ് വിശദീകരിക്കുന്നത്
ഒളിംപിക്സ് വില്ലേജിൽ കായിക താരങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടി സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത് 'ആന്റി-സെക്സ്' കട്ടിലുകളാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എയർവീവ് എന്ന കമ്പനി പുനരുപയോഗം സാധ്യമാകുന്ന കാർഡ് ബോർഡ് ഉപയോഗിച്ച് നിർമിച്ച ഈ കട്ടിലുകൾ ഒരാളുടെ ഭാരം താങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന തരത്തിലായിരുന്നു വാർത്തകൾ. പോൾ കെലിമോ എന്ന അമേരിക്കൻ ദീർഘദൂര ഓട്ടക്കാരൻ ഇട്ട ട്വീറ്റിനെത്തുടർന്നാണ് ഇങ്ങനെ ഒരു വാർത്ത പ്രചരിച്ചതും, അത് വിവാദങ്ങൾക്ക് തിരികൊളുത്തിയതും.
എന്നാൽ പോൾ പറഞ്ഞത് വസ്തുതാവിരുദ്ധമാണ് എന്ന് സംഘാടക സമിതി പ്രതികരിച്ചതിന് പിന്നാലെ അത് തെളിയിക്കും മട്ടിലുള്ള പല പ്രതികരണങ്ങളും പുറത്തുവരികയുണ്ടായി. ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ക്ലെനാഗൻ, ഇതേ കട്ടിലിനുമുകളിൽ തുടർച്ചയായി ചാടിക്കൊണ്ടുള്ള വീഡിയോ ട്വീറ്റ് ചെയ്തു. ഒരു തരത്തിലും പേടിക്കേണ്ട എന്നും, ഈ കട്ടിലുകൾ അങ്ങനെ അത്രയെളുപ്പമൊന്നും തകർന്നു വീഴില്ല എന്നും അദ്ദേഹം വീഡിയോയിൽ ഉറപ്പിച്ചു പറയുന്നുണ്ട്.
മാക്ക്ലെനാഗന്റെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചു. "ആന്റി സെക്സ് ബെഡ് മിത്ത് പൊളിച്ചതിനു നന്ദി' എന്നാണ് അവർ കുറിച്ചത്. ഒരാൾക്ക് സുഖമായി കിടക്കാവുന്ന ഈ കിടക്ക ഭാരം കൂടിയാൽ ചിലപ്പോൾ പൊളിഞ്ഞു വീഴുമെന്നും ഒക്കെയുള്ള പ്രചാരണത്തിനാണ് ഇതോടെ അവസാനമായിട്ടുള്ളത്.
അങ്ങനെ കുലുങ്ങിയത് പൊളിയുന്ന കട്ടിൽ കൊണ്ടൊന്നും കായിക താരങ്ങളെ സെക്സിൽ ഏർപ്പെടുന്നതിൽ നിന്ന് തടയാൻ സാധിക്കില്ലെന്ന് നല്ലപോലെ അറിയുന്ന അധികൃതർ പതിവുപോലെ കോണ്ടം വിതരണവും നടത്തുന്നുണ്ടെങ്കിലും, പരമാവധി തമ്മിലുള്ള അടുത്തിടപഴകൽ ഒഴിവാക്കണം എന്നുതന്നെയാണ് കൊവിഡ് സാഹചര്യം മുൻ നിർത്തിയുള്ള സംഘാടക സമിതിയുടെ പ്രോട്ടോക്കോൾ. ഒളിമ്പിക്സ് വില്ലേജിലെ കോണ്ടം വിതരണം ഒരു പ്രോത്സാഹനമായി കാണാതെ ബോധവത്കരണമായി മാത്രംഎടുക്കണമെന്നാണ് സംഘാടകർ കായികതാരങ്ങളോട് അഭ്യർത്ഥിക്കുന്നത്.