മുടി വെട്ടി ഭാരം കുറയ്ക്കാനുള്ള ശ്രമം വരെ നടത്തി! വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ പ്രതികരിച്ച് പി ടി ഉഷ
മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയതില്‍ ഞെട്ടിപ്പോയെന്ന് ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഇന്ന് രാവിലെയാണ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തെ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടത്. ഇന്ന് ഫൈനല്‍ മത്സരം നടക്കാനിരിക്കെയാണ് തീരുമാനമുണ്ടായത്. മത്സരത്തില്‍ നിന്ന് വിനേഷിനെ അയോഗ്യയാക്കിയതില്‍ ഞെട്ടിപ്പോയെന്ന് ഉഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉഷ പറയുന്നതിങ്ങനെ... ''അല്‍പസമയം മുമ്പ് ഒളിമ്പിക് വില്ലേജ് പോളിക്ലിനിക്കില്‍ വെച്ച് ഞാന്‍ വിനേഷിനെ കാണുകയും ഐഒസിയുടേയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും പൂര്‍ണ പിന്തുണ അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഞങ്ങള്‍ വിനേഷിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. വിനേഷിനെ അയോഗ്യനാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുഡബ്ല്യുഡബ്ല്യുവിന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഐഒഎ അത് സാധ്യമായ രീതിയില്‍ പിന്തുടരുന്നുണ്ട്. വിനേഷും ഡോ ദിന്‍ഷോ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും ഷെഫ് ഡി മിഷന്‍ ഗഗന്‍ നാരംഗും ഭാരം കുറയ്ക്കാന്‍ വേണ്ടി രാത്രി മുഴുവന്‍ നടത്തിയ അശ്രാന്ത പരിശ്രമത്തെക്കുറിച്ച് എനിക്കറിയാം. എല്ലാ ഇന്ത്യക്കാരും വിനേഷിനും മുഴുവന്‍ ഇന്ത്യന്‍ സംഘത്തിനും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ട്.'' ഉഷ പറഞ്ഞു.
വിനേഷിന് മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരുന്നു, അതിനാല്‍ നിര്‍ജ്ജലീകരണം തടയാന്‍ ചെറിയ അളവില്‍ വെള്ളം നല്‍കേണ്ടി വന്നുവെന്നും ഉഷ പറഞ്ഞു. ''ഗുസ്തിക്കാര്‍ സാധാരണയായി അവരുടെ സ്വാഭാവിക ഭാരത്തേക്കാള്‍ കുറഞ്ഞ ഭാര വിഭാഗത്തിലാണ് പങ്കെടുക്കുന്നത്. ഈ ഭാരം കുറയ്ക്കല്‍ ബലഹീനതയ്ക്കും ഊര്‍ജ്ജ ശോഷണത്തിനും കാരണമാകുന്നു. ഊര്‍ജ്ജ പുനഃസ്ഥാപനത്തിനായി പരിമിതമായ ജലവും ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഭക്ഷണങ്ങളും നല്‍കാറുണ്ട്. വിനേഷിന്റെ പോഷകാഹാര വിദഗ്ധന്‍ ഇത് 1.5 കിലോഗ്രാം ആണെന്ന് കണക്കാക്കിയിരുന്നു. മത്സരത്തെത്തുടര്‍ന്ന് ചില സമയങ്ങളില്‍ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. സെമി ഫൈനലിന് ശേഷം ഭാരം വര്‍ദ്ധിച്ചതായി കണ്ടെത്തി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള സാധാരണ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം തോന്നി. എന്നിരുന്നാലും, വിനേഷിന്റെ 50 കിലോഗ്രാം ഭാരത്തിനേക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് തെളിഞ്ഞു. താത്തിന്റെ മുടി വെട്ടുന്നതുള്‍പ്പെടെ സാധ്യമായ എല്ലാ കടുത്ത നടപടികളും ഉപയോഗിച്ചു. എന്നിരുന്നാലും, വിനേഷിനെ അനുവദനീയമായ 50 കിലോയില്‍ താഴെ എത്തിക്കാന്‍ കഴിഞ്ഞില്ല.'' ഉഷ വ്യക്തമാക്കി.
ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ഫൈനലില്‍, കൂടെ അര്‍ഷദും! കിഷോര്‍ കുമാര്‍ ജാവലിന്‍ ഫൈനലിനില്ല
ഭാരം കുറക്കാനായി രാത്രി ഉറങ്ങാതെ കടുത്ത വ്യായാമം ചെയ്ത വിനേഷിന് ഇന്ന് കടുത്ത നിര്‍ജ്ജലീകരണം കാരണം ഒളിംപിക്‌സ് വില്ലേജിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.