പുരുഷ-വനിതാ ഹോക്കി ടീമുകള്‍ ഇന്ത്യയിലെത്തി, വീരോചിത വരവേല്‍പ്പ്
ഒളിംപിക്സ് ഹോക്കിയില്‍ വീരോചിത പ്രകടനം നടത്തിയ പുരുഷ ടീം 41 വര്‍ഷത്തിനുശേഷം ആദ്യമായി മെഡലുമായാണ് രാജ്യത്ത് തിരിച്ചെത്തിയത്. സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോറ്റ പുരുഷ ടീം വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് 1980നുശേഷമുള്ള ഹോക്കിയിലെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
ദില്ലി: ടോക്യോ ഒളിംപിക്സിലെ അവിസ്മരണീയ പ്രകടനത്തിനുശേഷം ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ രാജ്യത്ത് തിരിച്ചെത്തി. ദില്ലി വിമാനത്താവളത്തിലെത്തിയ ഹോക്കി താരങ്ങള്‍ക്ക് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരങ്ങളെ കായിക മന്ത്രാലയം ഇന്ന് ആദരിക്കും.
ഒളിംപിക്സ് ഹോക്കിയില്‍ വീരോചിത പ്രകടനം നടത്തിയ പുരുഷ ടീം 41 വര്‍ഷത്തിനുശേഷം ആദ്യമായി മെഡലുമായാണ് രാജ്യത്ത് തിരിച്ചെത്തിയത്. സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോറ്റ പുരുഷ ടീം വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ വീഴ്ത്തിയാണ് 1980നുശേഷമുള്ള ഹോക്കിയിലെ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. ടീമിലെ മലയാളിയായ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനും ഇന്ത്യയുടെ വെങ്കല നേട്ടത്തില്‍ നിര്‍ണായകമായി. സെമിയിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയോടും മാത്രമാണ് ഇന്ത്യന്‍ ടീം തോറ്റത്.
വനിതാ ടീമാകട്ടെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം രണ്ട് തുടര്‍ ജയങ്ങളുമായി ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി സെമിയിലെത്തുകയും ചെയ്തു. സെമിയില്‍ അര്‍ജന്‍റീനയോടും വെങ്കല പോരാട്ടത്തില്‍ ബ്രിട്ടനോടും തോറ്റ് നാലാം സ്ഥാനത്തായെങ്കിലും ഇന്ത്യന്‍ വനിതാ ടീം പുറത്തെടുത്ത പോരാട്ടവീര്യം ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.