ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്‍ഗ്രാം സിംഗ് ഗോദയിലേക്ക്, ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇവ; എതിരാളി പാക് താരം
സ്വപ്ന തിരിച്ചുവരവിനെയും തയ്യാറെടുപ്പുകളെയും കുറിച്ച് സന്‍ഗ്രാം സിംഗ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനോട് വിശദമായി സംസാരിച്ചു
ദില്ലി: പ്രമുഖ റെസലിംഗ് താരവും നടനുമായ സന്‍ഗ്രാം സിംഗ് ഗോദയിലേക്ക് തിരികെ വരുന്നു. ദുബായിലെ ഷബാദ് അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്‍റര്‍നാഷണൽ പ്രോ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഫെബ്രുവരി 24ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഗുസ്‌തി താരം മുഹമ്മദ് സയീദിനെ നേരിട്ടായിരിക്കും സന്‍ഗ്രാം സിംഗിന്‍റെ മടങ്ങിവരവ്. രണ്ട് തവണ കോമണ്‍വെല്‍ത്ത് ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യനാണ് സന്‍ഗ്രാം സിംഗ്.
മടങ്ങിവരവ് എന്തുകൊണ്ട്?
സന്‍ഗ്രാം സിംഗ് നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് രാജകീയമായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. സ്വപ്ന തിരിച്ചുവരവിനെ കുറിച്ച് സന്‍ഗ്രാം സിംഗ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനോട് പറഞ്ഞത് ഇങ്ങനെ... '22-23 വയസുള്ള പാകിസ്ഥാനി ഗുസ്‌തി താരം മുഹമ്മദ് സയീദിനെ നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. വളരെ മികച്ച മത്സരം പ്രതീക്ഷിക്കുന്നു. ഈ പ്രായത്തില്‍ ഞാന്‍ ഗോദയില്‍ ഇറങ്ങുന്നത് ലക്ഷക്കണക്കിന് വരുംകാല ഗുസ്തി താരങ്ങളെ പ്രചോദിപ്പിക്കും. ഒളിംപിക്സ് ശൈലിയിലുള്ള മത്സരമാണ് എന്നതിനാല്‍ രണ്ടുമൂന്ന് കിലോ ഭാരം ഞാന്‍ കൂട്ടിയിട്ടുണ്ട്. മൂന്ന് മിനുറ്റ് വീതമുള്ള ആറ് റൗണ്ടുകളാണ് മത്സരത്തിലുണ്ടാവുക'.
'മത്സരവിഭാഗത്തില്‍ 96 കിലോയിലാണ് ഞാന്‍ ഇന്ത്യയെ നേരത്തെ പ്രതിനിധീകരിച്ചിരുന്നത്. അതേസമയം പ്രൊഫഷണല്‍ റെസലിംഗിലും ഒരുകൈ നോക്കി. സമീപകാലത്ത് ഗുസ്‌തിക്ക് ഏറെ പ്രചാരം ലഭിച്ചത് മടങ്ങിവരവിനുള്ള കാരണങ്ങളിലൊന്നാണ്. യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതാണ് ഈ തിരിച്ചുവരവിന്‍റെ പ്രധാന ലക്ഷ്യം. നമ്മുടെ താരങ്ങള്‍ക്ക് വിദേശ താരങ്ങളുമായി മത്സരങ്ങള്‍ക്ക് അവസരം ലഭിക്കണം. വളരെ കുറച്ച് ഗുസ്‌തി താരങ്ങള്‍ക്ക് മാത്രമേ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവുന്നുള്ളൂ. എന്നാല്‍ ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗുസ്തി താരങ്ങളാവാന്‍ കൊതിക്കുന്നു. വിദേശ താരങ്ങളുമായി മത്സരങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ അത് നമ്മുടെ താരങ്ങള്‍ക്ക് കരിയറില്‍ സഹായകമാകും. മുപ്പത് വയസ് ആവുന്നതിന് മുന്നേ ഗോദ വിടുന്ന താരങ്ങളെ വീണ്ടും ഗുസ്തിയില്‍ തന്നെ നിലനില്‍ത്താന്‍ അവര്‍ക്ക് പ്രചോദനം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഗുസ്തിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കണം'.
ഫിറ്റ്നസ് രഹസ്യം
'സസ്യാഹാരിയായ ഞാന്‍ വര്‍ക്കൗട്ടില്‍ ശ്രദ്ധിച്ചാണ് ഈ പ്രായത്തിലും ഫിറ്റ്നസ് നിലനിര്‍ത്തുന്നത്. ഇതിനൊപ്പം യോഗയും പരിശീലിക്കുന്നു. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുകയും ഇരട്ടി വെള്ളം കുടിക്കുകയും സന്തോഷവാനായിരിക്കുകയും മൂന്നിരട്ടിയിലേറെ വ്യായാമം ചെയ്യുകയുമാണ് എന്‍റെ ഫിറ്റ്നസ് മന്ത്ര'- എന്നും സന്‍ഗ്രാം സിംഗ് കൂട്ടിച്ചേര്‍ത്തു. കായികമേഖലയ്ക്ക് പുറമെ സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സന്‍ഗ്രാം സിംഗ്.
Read more: രണ്ടാം കുഞ്ഞിനെ വരവേറ്റ് വിരുഷ്‌ക; സന്തോഷ വാര്‍ത്ത അറിയിച്ച് വിരാട് കോലി, അനുഷ്‌ക ശര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം