വേള്‍ഡ് അത്ലറ്റിക്സ് റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതകള്‍
ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന താരങ്ങളുടെ മൊത്തത്തിലുള്ള പ്രകടനം കണക്കിലെടുത്താണ് ടീം മെഡലുകള്‍ തീരുമാനിക്കുന്നത്. ഇന്ത്യക്കായി മത്സരിച്ച മൂന്നുപേരുടെയും പ്രകടനം കണക്കിലെടുത്തപ്പോഴാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്.
മസ്‌കറ്റ്: മസ്കറ്റില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക്സ് റേസ് വാക്കിംഗ് ടീം ചാമ്പ്യന്‍ഷിപ്പില്‍(World Race Walking Championships) മെഡലുമായി ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഭാവന ജാട്ട്, രവീണ, മുനിത പ്രജാപതി(Bhawna Jat, Ravina, Munita Prajapati ) എന്നിവരടങ്ങുന്ന സംഘം റേസ് വാക്കിംഗ് 20 കിലോ മീറ്റര്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് ചരിത്രനേട്ടം കുറിച്ചത്. ചൈന സ്വര്‍ണവും ഗ്രീസ് വെള്ളിയും നേടി.
20 കിലോ മീറ്റര്‍ റേസ് വാക്കിംഗില്‍ ഇന്ത്യന്‍ വനിതകളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രവീണ ഒരു മണിക്കൂറും 40 മിനിറ്റും 22 സെക്കന്‍ഡുമെടുത്ത് പതിനാലാമത് ഫിനിഷ് ചെയ്തപ്പോള്‍ ഭാവനാ ജാട്ട്(1:43:08) 21-ാമതും മുനിത പ്രജാപതി(1:45:03) 26-ാമതും ഫിനിഷ് ചെയ്തു. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന താരങ്ങളുടെ മൊത്തത്തിലുള്ള പ്രകടനം കണക്കിലെടുത്താണ് ടീം മെഡലുകള്‍ തീരുമാനിക്കുന്നത്. ഇന്ത്യക്കായി മത്സരിച്ച മൂന്നുപേരുടെയും പ്രകടനം കണക്കിലെടുത്തപ്പോഴാണ് ഇന്ത്യക്ക് വെങ്കലം ലഭിച്ചത്.
ദേശീയ ക്യാംപില്‍ നടത്തി കഠിനാധ്വാനത്തിന് ഫലം കിട്ടിയെന്ന് മസ്കറ്റില്‍ നിന്ന് ഭാവനാ ജാട്ട് പറഞ്ഞു. വേള്‍ഡ് അത്ലറ്റിക്സ് റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ 61 വര്‍ഷത്ത ചരിത്രത്തില്‍ ഇന്ത്യന്‍ വനിതാ ടീം ടീം ഇനത്തില്‍ നേടുന്ന ആദ്യ മെഡലാണിത്. പുരുഷ വിഭാഗത്തില്‍ മലയാളി താരം കെ ടി ഇര്‍ഫാന്‍, ബാബു ഭായ് പനൂച്ച, സുരീന്ദര്‍ സിംഗ് എന്നിവരടങ്ങുന്ന സംഘം 2012ലെ വേള്‍ഡ് അത്‌ലറ്റിക്സില്‍ ടീം ഇനത്തില്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. അന്ന് ചൈനക്കും യുക്രൈനും ഓസ്ട്രേലിയക്കും പിന്നില്‍ നാലാമതായാണ് ഇന്ത്യന്‍ പുരുഷ ടീം ഫിനിഷ് ചെയ്തതെങ്കിലും വെള്ളി നേടിയ യുക്രൈനെ 2019ല്‍ ഉത്തേജക മരുന്നുപയോഗത്തിന്‍റെ പേരില്‍ അയോഗ്യരാക്കിയതോടെയാണ് ഇന്ത്യന്‍ പുരുഷ ടീമിന് വെങ്കലം ലഭിച്ചത്.