പട്ടിണിയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കിയിലെ റാണിയിലേക്ക്; ഒളിംപിക്‌സ് സ്വര്‍ണം സ്വപ്‌നം കണ്ട് റാണി രാംപാല്‍
പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തോടുള്ള റാണിയുടെ പൊരുതിക്കയറ്റം തന്നെയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലും കാണാന്‍ സാധിച്ചത്. ഒരു ഹോക്കി സ്റ്റിക്കുപോലും വാങ്ങാന്‍ സാധിക്കുമായിരുന്നില്ലാത്ത ബാല്യം, പെണ്‍കുട്ടികള്‍ പാവാടയിട്ട് ഹോക്കി കളിക്കുന്നതിനെ പരിഹസിച്ച ബന്ധുക്കള്‍, അങ്ങനെ പലതാണ് റാണിയുടെ ഈ യാത്രയില്‍ ഊര്‍ജ്ജമായത്
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ എത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ റാണിയുടെ നേതൃത്വത്തിലുള്ള വനിതാ ടീം അവസാന നിമിഷം വരെ കാഴ്ചവച്ച പോരാട്ടം അവിസ്മരണീയമായിരുന്നു. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തോടുള്ള റാണിയുടെ പൊരുതിക്കയറ്റം തന്നെയായിരുന്നു ഗ്രൗണ്ടിലും കാണാന്‍ കഴിഞ്ഞത്.
വന്ന വഴികളെ കുറിച്ച് റാണി
പരിമിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് ഹോക്കിയിലേക്ക് എത്തുന്നതിനായി പിന്നിട്ട പാതകളേക്കുറിച്ച് വിശദമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍. ഹ്യമൂമന്‍സ് ഓഫ് മുംബൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കടന്നു വന്ന വഴികളിലെ വെല്ലുവിളികളേക്കുറിച്ച് റാണി വിശദമാക്കിയത്. വൈദ്യുതി തകരാറൊഴിയാത്ത വീടും ഉറങ്ങാന്‍ സമ്മതിക്കാത്ത കൊതുകുകളും രണ്ട് നേരത്തെ ഭക്ഷണം പോലും കഷ്ടിച്ച് ലഭിക്കുമായിരുന്ന ബറേലിയിലെ ജീവിതത്തില്‍ നിന്ന് രക്ഷ വേണമായിരുന്നുവെന്ന് തോന്നിയ സമയമുണ്ട്. രക്ഷിതാക്കള്‍ ഏറെ പ്രയത്നിച്ചിരുന്നു. അമ്മ വീട്ടുജോലിക്കാരി ആയിരുന്നു. പിതാവ് വണ്ടി വലിക്കുന്നയാള്‍ ആയിരുന്നു. വീടിന് സമീപത്ത് ഒരു ഹോക്കി അക്കാദമിയുണ്ടായിരുന്നു. അവിടെ കളിക്കാര്‍ പരിശീലിക്കുന്നത് കണ്ട് മണിക്കൂറുകള്‍ ചെലവിടുമായിരുന്നു.
തനിക്കും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ ഒരു ദിവസം 80 രൂപ മാത്രം വരുമാനമുള്ള പിതാവിന് ഒരു ഹോക്കി സ്റ്റിക്ക് പോലും വാങ്ങിത്തരാന്‍ സാധിക്കുമായിരുന്നില്ല. പോഷകാഹാരക്കുറവുള്ളതിനാല്‍ കഠിനമായ പരിശീനമുറകള്‍ അഭ്യസിപ്പിക്കുവാന്‍ കോച്ചും തയ്യാറായിരുന്നില്ല. പരിശീലനം മുഴുവന്‍ പൂര്‍ത്തിയാക്കാനുള്ള ആരോഗ്യം തനിക്കില്ലെന്നായിരുന്നു കോച്ചിന്‍റെ ആശങ്ക. ഒരിക്കല്‍ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്ക് കളഞ്ഞുകിട്ടി. സമീപത്തുള്ള വയലില്‍ അത് വച്ച് പരിശീലിക്കാന്‍ തുടങ്ങി. പരിശീലനത്തിനായുള്ള വസ്ത്രങ്ങള്‍ പോലും ഇല്ലായിരുന്നു. സല്‍വാറും കമ്മീസും അണിഞ്ഞായിരുന്നു പരിശീലനം. എന്നാല്‍ കഴിവ് തെളിയിക്കണമെന്ന് താന്‍ മനസിലുറപ്പിച്ചായിരുന്നു ഇത്. ഒരുപാട് ബുദ്ധിമുട്ടിയാണ് കോച്ച് പരിശീലനം നല്‍കാന്‍ അനുമതി നല്‍കിയതെന്നം റാണി പറയുന്നു.
എന്നാല്‍ വീട്ടില്‍ ഹോക്കി കളിക്കാന്‍ പോകുന്നുവെന്നത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. പെണ്‍കുട്ടികള്‍ വീട്ടിലെ ജോലി ചെയ്താല്‍ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. ചെറിയ പാവാടയണിഞ്ഞ് കളിക്കാന്‍ വിടില്ലെന്ന് അവര്‍ ശഠിച്ചു. ഒരിക്കല്‍ ശ്രമിച്ചിട്ട് തോറ്റുപോയാല്‍ അവര്‍ ആഗ്രഹിക്കുന്നത് പോലം ചെയ്യാമെന്ന് വാക്കുനല്‍കിയാണ് പരിശീലനം തുടങ്ങിയത്. രാവിലെ പരിശീലനത്തിന് പോകാന്‍ സമയമറിയാന്‍ ഒരു ക്ലോക്ക് പോലും വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മ രാത്രിയില്‍ ഉണര്‍ന്നിരുന്ന് സൂര്യപ്രകാശം കാണുന്ന മുറയ്ക്ക് തന്നെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. പരിശീലിക്കാനെത്തുന്ന കുട്ടികള്‍ 500 മില്ലി പാല്‍ കൊണ്ടുവന്ന് കഴിക്കണമെന്ന് അക്കാദമിയില്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ 200 മില്ലി പാല്‍ വാങ്ങാനേ തന്‍റെ കുടുംബത്തിന് സാധിക്കുമായിരുന്നൊള്ളു. ബാക്കി വെള്ളം ചേര്‍ത്ത് കുടിച്ചായിരുന്നു പരിശീലനം. ഹോക്കി കളിക്കണമെന്ന ആഗ്രഹം അത്ര തീവ്രമായിരുന്നുവെന്നും റാണി പ്രതികരിച്ചു.
തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും പരിശീലകന്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. ഹോക്കി കിറ്റും ഷൂസുമെല്ലാം പരിശീലകനാണ് വാങ്ങി നല്‍കിയത്. സ്വന്തം കുടുംബത്തിനൊപ്പം താമസിച്ച് നല്ല ഭക്ഷണം കഴിച്ച് പോഷഹാകാരക്കുറവ് പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചു. ഒരു ദിവസത്തെ പരിശീലനം പോലും നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും റാണി രാംപാല്‍ പറയുന്നു. ആദ്യമായി ഒരു മത്സരത്തില്‍ ജയിച്ചതിന് പ്രതിഫലമായി ലഭിച്ച 500 രൂപ പിതാവിന്‍റെ കയ്യില്‍ നല്‍കിയ ശേഷം നമ്മള്‍ സ്വന്തമായി വീടുവയ്ക്കുമെന്ന് ഉറപ്പുനല്‍കിയപ്പോള്‍ പിതാവ് ഏറെ സന്തോഷിച്ചെന്നും റാണി പറയുന്നു.
നിരവധി മത്സരങ്ങള്‍ക്ക് ശേഷം 15-ാം വയസിലായിരുന്നു ആദ്യമായി ദേശീയ ക്യാംപിലേക്ക് അവസരം ലഭിക്കുന്നത്. അപ്പോഴേയ്ക്കും തന്‍റെ വിവാഹപ്രായമായെന്ന വാദവുമായി ബന്ധുക്കള്‍ എത്തി. എന്നാല്‍ മനസ് ആഗ്രഹിക്കുന്ന അത്രയും കാലം കളിക്കണമെന്ന് പിതാവ് തന്നോടുപറയുകയായിരുന്നു. കുടുംബത്തിന്‍റെ പിന്തുണയോടെ പരിശീലനം തുടര്‍ന്നും മികവ് തെളിയിച്ച് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ പദവിയിലെത്തി. 2017ലാണ് സ്വന്തമായി വീടെന്ന തന്‍റെ ഉറപ്പ് പാലിക്കാനായത്. അന്നു ഞങ്ങളൊരുപാട് കരഞ്ഞു. കോച്ചിനും രാജ്യത്തിനുമുള്ള സമ്മാനത്തിനായാണ് ഇനിയുള്ള ശ്രമം. ടോക്കിയോയില്‍ നിന്ന് സ്വര്‍ണമെഡലാണ് ലക്ഷ്യമിടുന്നതെന്നും റാണി പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona