ഉഗാണ്ടയില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിന് സമീപം സ്ഫോടനം;താരങ്ങള്‍ സുരക്ഷിതര്‍
ടോക്കിയോ പാരാലിംപിക്സില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, മാനസി ജോഷി, മനോജ് സര്‍ക്കാര്‍ എന്നിവര്‍ക്ക് പുറമെ പാരാലിംപിക്സില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ ടീമിന്‍റെ പരിശീലകനായിരുന്ന ഗൗരവ് ഖന്നയും ഉഗാണ്ടയില്‍ ടൂര്‍ണമെന്‍റിനെത്തിയ ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിന് 100 മീറ്റര്‍ അകലെയായിരുന്നു സ്ഫോടനം നടന്നത്.
കംപാല: ഉഗാണ്ട(Uganda) തലസ്ഥാനമായ കംപാലയില്‍(Kampala) നടക്കുന്ന രാജ്യാന്തര ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍( international badminton tournament) പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ താരങ്ങള്‍(India para badminton players) താമസിച്ച ഹോട്ടലിന് സമീപം നടന്ന ഇരട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ സുരക്ഷിതരാണെന്ന് പാരാ ബാഡ്മിന്‍റണ്‍ ഇന്ത്യ ട്വീറ്റില്‍ അറിയിച്ചു.
ടോക്കിയോ പാരാലിംപിക്സില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, മാനസി ജോഷി, മനോജ് സര്‍ക്കാര്‍ എന്നിവര്‍ക്ക് പുറമെ പാരാലിംപിക്സില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ ടീമിന്‍റെ പരിശീലകനായിരുന്ന ഗൗരവ് ഖന്നയും ഉഗാണ്ടയില്‍ ടൂര്‍ണമെന്‍റിനെത്തിയ ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിന് 100 മീറ്റര്‍ അകലെയായിരുന്നു സ്ഫോടനം നടന്നത്.
സ്ഫോടനമുണ്ടായെന്നും എന്നാല്‍ കളിക്കാരെല്ലാം സുരക്ഷിതരാണെന്നും മത്സരങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും മുന്‍ നിശ്ചയപ്രകാരം മത്സരങ്ങള്‍ നടക്കുമെന്നും പ്രമോദ് ഭഗത് പിടിഐയോട് പറഞ്ഞു. ഉഗാണ്ട തലസ്ഥാനമായ കംപാലയിലുണ്ടായ രണ്ട് സ്ഫോടനങ്ങളിലായി കുറഞ്ഞത് മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ പരിഭ്രാന്തരായ തദ്ദേശവാസികള്‍ വീടുവിട്ടോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കളിക്കാര്‍ പരിശീലനം കഴിഞ്ഞ ബാഡ്മിന്‍റണ്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് സ്ഫോടനശബ്ദം കേട്ടതെന്ന് ഗൗരവ് ഖന്ന പറഞ്ഞു. കളിക്കാര്‍ കുറച്ചുനേരത്തേക്ക് പരിഭ്രാന്തരായെങ്കിലും ഇപ്പോള്‍ എല്ലാം സാധാരണനിലയിലായെന്നും ഗൗരവ് ഖന്ന വ്യക്തമാക്കി. 54 താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്.
ചാവേര്‍ സംഘങ്ങളാണ് സ്ഫോടനം നടത്തിയതെന്നും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും മൂന്ന് ചാവേറുകളാണെന്നും പോലീസ് അറിയിച്ചു.