മിക്‌സ്ഡ് ടീം അമ്പെയ്ത്തില്‍ ഇന്ത്യക്ക് നിരാശ! വെങ്കലപ്പോരില്‍ യുഎസിന് മുന്നില്‍ വീണു
സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്.
പാരീസ്: ഒളിംപിക്‌സ് അമ്പെയ്ത്തില്‍ മിക്‌സ്ഡ് ഇനത്തില്‍ ഇന്ത്യക്ക് നിരാശ. വെങ്കല മെഡലിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം അമേരിക്കയോട് പരാജയപ്പെടുകയായിരുന്നു. ഇഞ്ചോടിഞ്ചുള്ള പോരില്‍ ടൈ ബ്രേക്കിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ 38-37, 37-35, 34-38, 37-35 6-2. അങ്കിട് ഭകട് - ധിരാജ് ബൊമ്മദേവ്ര സഖ്യമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. നേരത്തെ, സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്. സ്‌കോര്‍ 36-38, 38-35, 38-37, 39-38, 6-2. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയ്‌നിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. സ്‌കോര്‍ 38-37, 38-38, 36-37, 37-36, 5-3.
അതേസമയം, ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ, ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില്‍ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി. എന്നാല്‍ 25-ാം മിനിറ്റില്‍ ഓസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോവേഴ്സിന്റെ ആദ്യ ശ്രമം മന്‍പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില്‍ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വിജയമുറപ്പിച്ച ഗോള്‍ നേടി.
പാരീസ് ഒളിംപിക്സില്‍ താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്സ് പെനാല്‍റ്റി ഫ്ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള്‍ നേടുന്നത്.