വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം പി ആര്‍ ശ്രീജേഷ്; ഒളിംപിക്സിനുശേഷം പുതിയ ചുമതല
ഒന്നരദശകത്തോളം ഇന്ത്യൻ ഹോക്കിയിലെ പോരാട്ടവീര്യത്തിന്‍റെ മറുപേരായിരുന്നു 36കാരനായ പി ആര്‍ ശ്രീജേഷ്.
കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യൻ കുപ്പായത്തില്‍ ശ്രീജേഷിന്‍റെ അവസാന ടൂര്‍ണമെന്‍റ്. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.
എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്‍റെ വികാരനിര്‍ഭരമായ കുറിപ്പ്.
ഒന്നരദശകത്തോളം ഇന്ത്യൻ ഹോക്കിയിലെ പോരാട്ടവീര്യത്തിന്‍റെ മറുപേരായിരുന്നു 36കാരനായ പി ആര്‍ ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രം ആരാധകര്‍ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്‍റെ കൈക്കരുത്തായിരുന്നു.
2004-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയു കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ടൂർണമെന്‍റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയതോടെ സീനിയര്‍ ടീമിലേക്ക് വീണ്ടും വിളിയെത്തി. സീനിയർ ഗോൾകീപ്പർമാരായ അഡ്രിയാൻ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമില്‍ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.
Thank you for believing in me. Here’s to the end of a chapter and the beginning of a new adventure.
— sreejesh p r (@16Sreejesh) July 22, 2024
With all my heart,
P R Sreejesh pic.twitter.com/K8cTrF4VfC
The crowning glory, our Olympic bronze medal in Tokyo 2020, was a dream realized. The tears, the joy, the pride – it was all worth it. pic.twitter.com/hMCi1SWspX
— sreejesh p r (@16Sreejesh) July 22, 2024
As I stand on the threshold of my final chapter in international hockey, my heart swells with gratitude and reflection. This journey has been nothing short of extraordinary, and I am forever grateful for the love and support from my family, teammates, coaches, and fans. pic.twitter.com/MqxIuTalCY
— sreejesh p r (@16Sreejesh) July 22, 2024
2013ല്‍ നടന്ന ഏഷ്യാ കപ്പിൽ മികച്ച ഗോള്‍ കീപ്പറായി ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ രക്ഷിച്ച് രാജ്യത്തിന്‍റെ വീരനായകനായതിനൊപ്പം ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടത്തിൽ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2014,2018 ചാമ്പ്യൻസ് ട്രോഫിയിയില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിന് വെള്ളി മെഡല്‍ സമ്മാനിച്ച നായകനുമായി. 2016ലെ റിയോ ഒളിംപിക്സില്‍ ശ്രീജേഷിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ കടക്കാനായില്ലെങ്കിലും 2020ല്‍ വെങ്കലം നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് ശ്രീജേഷിന്‍റെ മികവിലായിരുന്നു. ലോംഗ് ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക