ഏറ്റവും ദു:ഖകരം! വയനാട്ടിലെ ദുരിതബാധിതര്‍ക്കൊപ്പമെന്ന് പാരീസില്‍ നിന്ന് പി ആര്‍ ശ്രീജേഷ്

ഇന്ന് ബെല്‍ജിയത്തിനെതിരെ മത്സരമുണ്ടായിരുന്നു ഇന്ത്യക്ക്. അതിന് ശേഷമാണ് ഉരുള്‍പൊട്ടലിനെ കുറിച്ച് ശ്രീജേഷ് സംസാരിച്ചത്.

indian hockey team goal keeper sreejesh on wayanad landslide victims and more

പാരീസ്: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരിത ബാധിതര്‍ക്കൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷും. നിലവില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് ഹോക്കി ടീമിനൊപ്പം പാരീസിലാണ് ശ്രീജേഷ്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച ഇന്ത്യന്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ ശ്രീജേഷിനായിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ മാത്രമാണ് ശ്രീജേഷ് വഴങ്ങിയത്. ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ന് ബെല്‍ജിയത്തിനെതിരെ മത്സരമുണ്ടായിരുന്നു ഇന്ത്യക്ക്. അതിന് ശേഷമാണ് ഉരുള്‍പൊട്ടലിനെ കുറിച്ച് ശ്രീജേഷ് സംസാരിച്ചത്. രാജ്യത്തിനായി വലിയ കായികവേദിയില്‍ മത്സരിക്കുമ്പോള്‍ രണ്ടാം തവണയാണ് കേരളത്തില്‍ ഏറ്റവും ദു:ഖകരമായ ദുരന്തങ്ങള്‍ ഉണ്ടാവുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ വാക്കുകള്‍. ''2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ കളിക്കവേയാണ് നാട് പ്രളയത്തില്‍ മുങ്ങിയത്. ഇപ്പോള്‍ പാരീസില്‍ ഒളംപിംക്‌സ് മെഡലിനായി മത്സരിക്കുമ്പോള്‍ വയനാട്ടില്‍ വലിയൊരു ദുരന്തമുണ്ടായി. ഇത്തരം യാദൃശ്ചിതകള്‍പോലും തനിക്ക് വേണ്ട. അവിടെ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്‌പോള്‍ കണ്ണില്‍ കരടുപോയപോലെയാണ്. വയനാട്ടില്‍ ധാരാളം സുഹൃത്തുക്കളുണ്ട്. അവരോടെല്ലാം സംസാരിച്ചു. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ് ഇപ്പോഴത്തെ ഉത്തരവാദിത്തം. തന്റെ പ്രാര്‍ഥനകള്‍ വയനാടിനൊപ്പമുണ്ട്. ദുരന്തബാധിതര്‍ക്കുള്ള സഹായത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല.'' ശ്രീജേഷ് പാരീസില്‍ പറഞ്ഞു.

ഒളിംപിക്‌സ് ബാഡ്മിന്റണ്‍: മലയാളി താരം എച്ച് എസ് പ്രണോയ് പുറത്ത്, തോറ്റത് ലക്ഷ്യ സെന്നിനോട്

അതേസമയം, ഇന്ന് കരുത്തരായ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യയുടെ തോല്‍വി. 18-ാം മിനിറ്റില്‍ അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ 33-ാം മിനിറ്റില്‍ തിബൂ സ്‌റ്റോക്‌ബ്രോക്‌സിലൂടെ ബെല്‍ജിയം ഒപ്പമെത്തി. 44-ാം മിനിറ്റില്‍ ജോണ്‍ ഡൊഹ്‌മെന്‍ ബെല്‍ജിയത്തിന് വേണ്ടി വിജയഗോള്‍ നേടി. ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഗോളെന്നുറച്ച നിരവധ അവസരങ്ങള്‍ താരം രക്ഷപ്പെടുത്തിയിയിരുന്നു. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് സിംഗിന് മുതലാക്കാന്‍ സാധിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios