കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യദിനം 12 ഫൈനലുകള്‍; ഇന്ത്യയുടെ പ്രധാന മത്സരക്രമങ്ങള്‍ അറിയാം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക ലോണ്‍ ബൗള്‍സിലൂടെ. ഉച്ചയ്ക്ക് ഒരുമണിക്ക് ടാനിയ ചൗധരിയും പുരുഷമാരുടെ മൂന്നംഗ ടീമും ആദ്യറൗണ്ട് മത്സരത്തിനിറങ്ങും.
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ (CWG 2022) ആദ്യദിനം പന്ത്രണ്ട് ഫൈനലുകളാണുള്ളത്. നീന്തല്‍, സൈക്ലിംഗ്, ട്രയാത്ലണ്‍ എന്നീ ഇനങ്ങളിലാണ് ഫൈനലുകള്‍. മലയാളിതാരം സജന്‍ പ്രകാശ് ഉള്‍പ്പടെയുള്ളവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ഇന്ത്യന്‍ താരങ്ങളുടെ പ്രധാന മത്സരക്രമങ്ങള്‍ നോക്കാം.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുക ലോണ്‍ ബൗള്‍സിലൂടെ. ഉച്ചയ്ക്ക് ഒരുമണിക്ക് ടാനിയ ചൗധരിയും പുരുഷമാരുടെ മൂന്നംഗ ടീമും ആദ്യറൗണ്ട് മത്സരത്തിനിറങ്ങും. ടീമിനത്തിലെ എതിരാളികള്‍ ന്യുസീലന്‍ഡ്. ടേബിള്‍ ടെന്നിസ് വനിതാ ടീമിനത്തില്‍ മണിക ബത്രയും സംഘവം ആദ്യമത്സരത്തിന് ഇറങ്ങുക ഉച്ചയ്ക്ക് രണ്ടിന്. എതിരാളികള്‍ ദക്ഷിണാഫ്രിക്ക.
നീന്തല്‍ മത്സരങ്ങള്‍ വൈകിട്ട് മൂന്ന് മുതല്‍ ആരംഭിക്കും. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്‌സില്‍ ഇന്ത്യക്കായി ഇറങ്ങുന്നത് കുശാഗ്ര റാവത്ത്. 4ന് മലയാളിതാരം സജന്‍ പ്രകാശിന്റെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സ്. 4.25ന് ശ്രീഹരി നടരാജിന്റെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഹീറ്റ്‌സും രാത്രി 11.37ന് 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഫൈനലും.
ടേബിള്‍ ടെന്നിസില്‍ പുരുഷ ടീമിന്റെ ആദ്യമത്സരം 4.30ന്. ബോക്‌സിംഗില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിടുക ശിവ ഥാപ്പ. പാകിസ്ഥാന്‍ താരത്തിനെതിരായ ആദ്യറൗണ്ട് മത്സരം വൈകിട്ട് അഞ്ചിന്. വനിതാ ഹോക്കി ടീമിന്റെ ആദ്യ എതിരാളികള്‍ ഘാന. മത്സരം വൈകിട്ട് ആറരയ്ക്ക്. ഇതേസമയം തന്നെ ബാഡ്മിന്റണ്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.
രാത്രി പന്ത്രേണ്ടേകാലിന് പാരാനീന്തലില്‍ ആശിഷ് കുമാര്‍ സിംഗിന് 100 മീറ്റര്‍ ബാക് സ്‌ട്രോക്ക് ഫൈനല്‍. സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, സ്‌ക്വാഷ്, ട്രയാത്‌ലണ്‍ ഇനങ്ങളിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.