ഇടിക്കൂട്ടില്‍ കടുത്ത നിരാശ; ലോക ഒന്നാം നമ്പറുകാരന്‍ അമിത് പംഘല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്
റിയൊ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവ് കൊളംബിയയുടെ യുബര്‍ഹെന്‍ മാര്‍ട്ടിനെസാണ് അമിതിനെ ഇടിച്ചിട്ടത്. 4-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
ടോക്യോ: നിലവില്‍ ഫ്‌ളൈവെയ്റ്റ് (52 കിലോ ഗ്രാം) വിഭാഗത്തിലെ ലോക ഒന്നാം റാങ്കുകാരന്‍ അമിത് പംഘല്‍ ബോക്‌സിംഗ് റിംഗില്‍ നിരാശ. ഇന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങിയ താരം പൊരുതാന്‍ പോലും കഴിയാതെ പുറത്തായി. റിയൊ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവ് കൊളംബിയയുടെ യുബര്‍ഹെന്‍ മാര്‍ട്ടിനെസാണ് അമിതിനെ ഇടിച്ചിട്ടത്. 4-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.
പുരുഷ ബോക്‌സര്‍മാരില്‍ സതീഷ് കുമാര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. വനിതകളില്‍ ലൊവ്‌ലിന ബോഗോഹെയ്ന്‍ മെഡലുറപ്പിച്ചിരുന്നു. പൂജ റാണിയാണ് അവശേഷിക്കുന്ന മറ്റൊരു താരം. കഴിഞ്ഞ ദിവസം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
ഇന്ന് നടന്ന പുരുഷ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പുറത്തായിരുന്നു. ഇതോടെ അമ്പെയ്ത്ത് പ്രതീക്ഷകള്‍ അവസാനിച്ചു. ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് തായ്‌പേയിയുടെ തായ് സു-യിംഗാണ് സിന്ധുവിന്റെ എതിരാളി.