വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു; ജര്‍മനിക്കെതിരേയും തോല്‍വി

ഇന്ന് ജര്‍മനിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. നൈക്ക് ലൊറന്‍സ്, അന്ന ഷ്രോഡര്‍ എന്നിവരാണ് ജര്‍മനിയുടെ ഗോള്‍ നേടിയത്.

India lost to Germany in Women's hockey

ടോക്യോ: ഒളിംപിക് ഹോക്കി വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്ന് ജര്‍മനിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. നൈക്ക് ലൊറന്‍സ്, അന്ന ഷ്രോഡര്‍ എന്നിവരാണ് ജര്‍മനിയുടെ ഗോള്‍ നേടിയത്. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ പെനാല്‍റ്റി സ്‌ട്രോക്ക് നഷ്ടമാക്കി.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ജര്‍മനി ഒരു ഗോളിന് മുന്നിലെത്തി.  12-ാം മിനിറ്റിലാണ് ലൊറന്‍സ് ജര്‍മനിയെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയില്‍ മറ്റൊരു ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായി. 

മൂന്നാം പാതിയില്‍ 32-ാം മിനിറ്റില്‍ കൗര്‍ സമനില ഗോള്‍ നേടാനുള്ള അവസരം പാഴാക്കി. താരത്തിന്റെ സ്‌ട്രോക്ക് ജര്‍മന്‍ കീപ്പര്‍ സോന്‍താഗ് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ജര്‍മനി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 

ഇന്ത്യയുടെ പ്രതിരോധതാരം കൗറിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നീട് ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് ആശ്വാസത്തിന് വക നല്‍കിയത്. 

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ പൂള്‍ എയില്‍ അവസാന സ്ഥാനത്താണ്. ഇതുവരെ പോയിന്റൊന്നും നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 5-1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച്ച ബ്രിട്ടനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios