ടോക്യോയില്‍ മെഡല്‍ നേടാന്‍ ഹോക്കി ടീമിന് കഴിയും; പി ആര്‍ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്
മൂന്നാം ഒളിംപിക്‌സ് കളിക്കുന്ന ശ്രീജേഷ് യുവതാരങ്ങള്‍ സമ്മര്‍ദത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ്. 35 വയസായെങ്കിലും മൂന്ന് വര്‍ഷം അകലെയുള്ള പാരീസ് ഒളിംപിക്‌സിലും കണ്ണുണ്ട് ഇന്ത്യന്‍ ഹോക്കിയുടെ ഈ വന്മതിലിന്.
ടോക്യോ: ഒളിംപിക് മെഡൽ നേടാന്‍ കരുത്തുള്ള ടീമാണ് ഇന്ത്യയുടേതെന്ന് മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ്. വിരമിക്കുന്നതിനെ കുറിച്ച് തത്ക്കാലം ചിന്തിക്കുന്നില്ലെന്നും ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അസാധാരണകാലത്തെ അസാധാരണ ഒളിംപിക്‌സിനെത്തിയപ്പോള്‍ ബെംഗളുരുവിലെ ക്വാറന്‍റീന്‍ അനുഭവം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പി ആര്‍ ശ്രീജേഷ്. യൂറോപ്യന്‍ പര്യടനത്തിലെയും അര്‍ജന്‍റീനയിലെയും മികച്ച പ്രകടനം മെഡൽ പ്രതീക്ഷ വര്‍ധിപ്പിക്കുണ്ട്. അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, സ്‌പെയ്‌ന്‍ എന്നിവര്‍ അടങ്ങിയ ഗ്രൂപ്പിൽ മുന്നിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്നും ശ്രീജേഷ് വ്യക്തമാക്കി.
മൂന്നാം ഒളിംപിക്‌സ് കളിക്കുന്ന ശ്രീജേഷ് യുവതാരങ്ങള്‍ സമ്മര്‍ദത്തെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ്. 35 വയസായെങ്കിലും മൂന്ന് വര്‍ഷം അകലെയുള്ള പാരീസ് ഒളിംപിക്‌സിലും കണ്ണുണ്ട് ഇന്ത്യന്‍ ഹോക്കിയുടെ ഈ വന്മതിലിന്.
ഇന്ത്യയുടെ 16 അംഗ പുരുഷ ഹോക്കി ടീമില്‍ 10 പേര്‍ ആദ്യമായി ഒളിംപിക്‌സില്‍ മത്സരിക്കുന്നവരാണ്. ടോക്യോയില്‍ ഇന്ത്യക്ക് ശക്തരായ എതിരാളികളെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത്. പൂള്‍ എയില്‍ ഇന്ത്യയുടെ എതിരാളികളായ അര്‍ജന്‍റീന റിയോ ഒളിംപിക്‌സിലെ ചാമ്പ്യന്‍മാരും ഓസ്‌ട്രേലിയ നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമുമാണ്.
ടോക്യോയില്‍ ഒളിംപിക്‌സ് ദീപം തെളിയാന്‍ മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ടോക്യോയില്‍ വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്‌ക്കാനെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. എക്കാലത്തെയും വലിയ ഇന്ത്യന്‍ സംഘമാണ് ഇക്കുറി ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ടോക്യോയില്‍ 228 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. ഇവരില്‍ 127 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. 85 മെഡൽ ഇനങ്ങളില്‍ ഇന്ത്യക്ക് മത്സരമുണ്ട്.
അതേസമയം കൊവിഡ് പ്രതിസന്ധിയിലാണ് ടോക്യോയില്‍ ഒളിംപിക്‌സ് തുടങ്ങുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. ഇതിനകം അത്‌ലറ്റുകള്‍ക്ക് ഉള്‍പ്പടെ ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona