പ്രണോയ് വീണ്ടും ഹീറോ, ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ഇന്ത്യ തോമസ് കപ്പ് ഫൈനലില്‍; അഭിമാന നേട്ടമെന്ന് ഗോപിചന്ദ്
ഡെന്‍മാര്‍ക്കിനെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സെമിയില്‍ മലേഷ്യക്കെതിരെ മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തെടുത്ത പ്രകടനം ഡെന്‍മാര്‍ക്കിനേതിരേയും ആവര്‍ത്തിച്ചു
ബാങ്കോക്ക്: ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം തോമസ് കപ്പ് ഫൈനലിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേശീയ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. ടീം ആദ്യമായി ഫൈനലിലെത്തിയതിന്റെ ആവേശമുണ്ടെന്ന് അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ''ടീമംഗങ്ങള്‍ എല്ലാവരും മികവിനൊത്ത പ്രകടനം പുറത്തെടുത്തു. അവസാനം വരെ പൊരുതി. ടീം ആദ്യമായി ഫൈനിലെത്തിയതിന്റെ ആവേശം എനിക്കുമുണ്ട്. രാജ്യത്തെ ബാഡ്മിന്റണ്‍ ഉണര്‍വാവട്ടെ ഈ വിജയം. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ടീം സ്വന്തമാക്കിയത്.'' ഗോപിചന്ദ് പറഞ്ഞു.
ഡെന്‍മാര്‍ക്കിനെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സെമിയില്‍ മലേഷ്യക്കെതിരെ മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തെടുത്ത പ്രകടനം ഡെന്‍മാര്‍ക്കിനേതിരേയും ആവര്‍ത്തിച്ചു. 2-2ല്‍ നില്‍ക്കെ അവസനം മത്സരം ജയിച്ച പ്രണോയ് ഇന്ത്യക്ക് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചു. ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍, വിക്റ്റര്‍ അക്‌സല്‍സെനിനോട് തോറ്റു (13-21, 13-21).
എന്നാല്‍ ഡബിള്‍സില്‍ ചിരാഗ്- റാങ്കിറെഡ്ഡി എന്നിവര്‍ ജയിച്ചതോടെ മത്സരം 1-1 ആയി. അടുത്ത സിംഗിള്‍സ് കിഡാംബി ശ്രീകാന്ത് സ്വന്തമാക്കി. ആന്‍ഡേഴ്‌സ് അന്റോണ്‍സനെ 21-18, 12-21, 21-15നാണ് തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം ഡബിള്‍സില്‍ കപില- അര്‍ജുന്‍ സഖ്യം തോറ്റു. നിര്‍ണായകമായ അഞ്ചാം സെറ്റ് പ്രണോയ് ജയിച്ചതോടെ ഇന്ത്യ ഫൈനലില്‍. റസ്മസ് ജംകെയെ 13-21, 21-9, 21-12നാണ് പ്രണോയ് തോല്‍പ്പിച്ചത്.
2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം.