ഹോക്കി ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്! ന്യൂസിലന്‍ഡിനോട് തോറ്റത് സഡന്‍ ഡെത്തില്‍
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിംഗിന്റെ ഫ്‌ളിക്ക് ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ഡൊമിനിക് ഡിക്‌സണ്‍ തടഞ്ഞിട്ടു.
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്‌ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് തുണയായി.
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിംഗിന്റെ ഫ്‌ളിക്ക് ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ഡൊമിനിക് ഡിക്‌സണ്‍ തടഞ്ഞിട്ടു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡെടുത്തു. അകാശ്ദീപിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ലളിത് കുമാര്‍ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. പെനാല്‍റ്റി കോര്‍ണര്‍ സുഖ്ജീത് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ 28-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ന്യൂസിലന്‍ഡിനായി. സാമിന്റെ വകയായിരുന്നു ഗോള്‍.
മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. ഇത്തവണ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയത് വരുണ്‍ കുമാര്‍. മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് മുമ്പ് ന്യൂസിലന്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. റസ്സല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഗോളാക്കി. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ഇത്തവണയും പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു കിവീസ്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ ശ്രമങ്ങളും ഇരുവരും ഗോളാക്കി മാറ്റി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ അഭിഷേകിന് പിഴച്ചു. 2-3ന് ഇന്ത്യ പിന്നില്‍. നാലാം ശ്രമത്തില്‍ ഇരുവര്‍ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. അഞ്ചാം ശ്രമത്തില്‍ ന്യൂസിലന്‍ഡ് താരം സമി ഹിഹയ്ക്ക് പിഴച്ചതോടെ സ്‌കോര്‍ 3-3. പിന്നാലെ സഡന്‍ ഡെത്തിലേക്ക്. ആദ്യ ശ്രമത്തില്‍ ഇരുവരും പരാജയപ്പെട്ടു. പിന്നാലെ സ്‌കോര്‍ 4-4ലേക്ക് മാറി. എന്നാല്‍ സുഖ്ജീതിന്റെ ശ്രമം ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതോടെ ടീം ക്വാര്‍ട്ടറില്‍.
ഐസിസി ഏകദിന റാങ്കിംഗ്: കിവീസ് വീണു, ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി! ഇന്ത്യക്കും നേട്ടം