അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്
ഒളിംപിക്‌സ് താരങ്ങൾക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിക്കുന്നത് പ്രോത്സാഹനവും സമ്മർദവും സൃഷ്‌ടിക്കുമെന്ന് ശ്രീജേഷ്
കൊച്ചി: ഹോക്കി ലോകകപ്പാണ് അടുത്ത ലക്ഷ്യമെന്ന് ഒളിംപ്യന്‍ പി ആർ ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. 'ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുക ലക്ഷ്യമാണ്. സംസ്ഥാനത്തെ കായിക താരങ്ങളെ ഒളിംപിക് മെഡൽ നേടാൻ പ്രാപ്‌തരാക്കും. പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം. ഒളിംപിക്‌സ് താരങ്ങൾക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിക്കുന്നത് പ്രോത്സാഹനവും സമ്മർദവും സൃഷ്‌ടിക്കും. കേരളത്തിലെ സ്വീകരണവും ആഘോഷവും ഒളിംപിക് മെഡലിന്‍റെ മഹത്വം കൂടുതൽ മനസിലാക്കിത്തരുന്നതായും' ശ്രീജേഷ് പറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിക്കുകയായിരുന്നു ഇന്ത്യ. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു.
ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോഴാണ് കേരളം വൈകിയത്. എന്നാല്‍ പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആര്‍ ശ്രീജേഷ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഒളിംപിക് മെഡലുമായി നാട്ടില്‍ തിരിച്ചെത്തിയ ശ്രീജേഷിന് വമ്പിച്ച സ്വീകരണം കൊച്ചിയില്‍ ലഭിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാൻ നേരിട്ടെത്തി മലയാളികളുടെ അഭിമാനതാരത്തെ സ്വീകരിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് സ്വീകരണം നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ ജന്‍മനാടായ കിഴക്കമ്പലത്തേക്ക് സ്വീകരിച്ചത്.
പി.ആര്‍. ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്
ശ്രീജേഷ് കൊച്ചിയിലെത്തി, അഭിമാനതാരത്തെ വരവേറ്റ് കേരളം
ഇത് മലയാളികള്‍ക്കുള്ള ഓണസമ്മാനം, ഒളിംപിക് മെഡല്‍ ഉയര്‍ത്തിക്കാട്ടി ശ്രീജേഷ്
ഒളിംപിക് മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞ് ശ്രീജേഷ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona