ഹോക്കി ലോകകപ്പ്: ക്രോസ് ഓവർ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ
ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും
ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ക്രോസ് ഓവർ പോരാട്ടത്തിൽ ന്യൂസിലൻഡാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടിവന്നത്. ഇന്ത്യ, ന്യൂസിലൻഡ് ജേതാക്കൾ ക്വാർട്ടറിൽ ചൊവ്വാഴ്ച നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ നേരിടും. ലോക റാങ്കിംഗിൽ ഇന്ത്യ ആറും ന്യൂസിലൻഡ് പന്ത്രണ്ടും സ്ഥാനത്താണ്.
ന്യൂസിലന്‍ഡിന് മേല്‍ ഇന്ത്യക്ക് മുന്‍കൈയുണ്ട് എന്നാണ് വിലയിരുത്തല്‍. നവംബറിൽ അവസാനം ഏറ്റുമുട്ടിയ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. ഇരുടീമും 44 മത്സരങ്ങളിൽ ആകെ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 24ലും ന്യൂസിലൻഡ് 15 കളിയിലും ജയിച്ചു. അഞ്ച് കളി മാത്രമേ സമനിലയിൽ അവസാനിച്ചിട്ടുള്ളൂ.
ഇംഗ്ലണ്ട് തന്ന പണി
കഴിഞ്ഞ മത്സരത്തില്‍ വെയ്‌ല്‍സിനെതിരെ വിജയിച്ച് നേരിട്ട് യോഗ്യത നേടാന്‍ 8-0ന്‍റെ ജയം അനിവാര്യമായിരുന്ന ഇന്ത്യന്‍ ടീം 4-2ന് മത്സരം അവസാനിപ്പിച്ചതാണ് തിരിച്ചടിയായത്. ഇന്ത്യക്കായി ഷാംഷെര്‍ സിംഗും(21) ആകാശ്‌ദീക് സിംഗും(32, 45) ഹര്‍മന്‍പ്രീത് സിംഗും(59) ഗോളുകള്‍ നേടി. ഫല്‍ലോങ് ഗാരെതും ഡ്രാപെര്‍ ജേക്കബും വെയ്‌ല്‍സിനായി ഗോള്‍ മടക്കി. വെയ്‌ല്‍സിനോട് ജയിച്ചെങ്കിലും പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്‌തത്. ഗ്രൂപ്പിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് ടീം നേരിട്ട് ക്വാർട്ടർ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ വെയ്‌ല്‍സിനെ വീഴ്‌ത്തിയിട്ടും ഇന്ത്യ രണ്ടാമതാവുകയായിരുന്നു.
സ്പെയിനിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച ഇന്ത്യ നേരത്തെ കരുത്തരായ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയിരുന്നു. അതേസമയം അവസാന മത്സരത്തില്‍ സ്‌പെയിനെ ഇംഗ്ലണ്ട് 4-0ന് തറപറ്റിച്ചതോടെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹോക്കി ലോകകപ്പ്: വെയ്‌ല്‍സിനെതിരെ ഇന്ത്യക്ക് ജയം; ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം