മഹാരാജാസിലെ 'മൈതാനക്കുളം'; ശ്രീജേഷിന്‍റെ പേരിട്ട് ഗ്രൗണ്ട് നവീകരിക്കണമെന്ന ആവശ്യം ശക്തം
ശ്രീജേഷിന്‍റെ പേരിടാൻ ജനപ്രതിനിധികൾ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും കളിക്കളത്തിന്‍റെ സ്ഥിതി മറ്റൊന്നാണ്
കൊച്ചി: ഒളിംപിക്‌സ് ചരിത്രത്തില്‍ 49 വർഷത്തിന് ശേഷം വീണ്ടുമൊരു മലയാളി മെഡൽ നേടിയതോടെ എറണാകുളം മഹാരാജാസ് ഹോക്കി മൈതാനത്തിന് പി ആർ ശ്രീജേഷിന്‍റെ പേര് നൽകണമെന്ന ആവശ്യം ശക്തം. ശ്രീജേഷിന്‍റെ പേരിടാൻ ജനപ്രതിനിധികൾ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴും കളിക്കളത്തിന്‍റെ സ്ഥിതി മറ്റൊന്നാണ്.
അരനൂറ്റാണ്ട് കാലം കേരളത്തിന് നിരവധി ഹോക്കി പ്രതിഭകളെ സമ്മാനിച്ച എറണാകുളം മഹാരാജാസിലെ ഹോക്കി മൈതാനത്തിന്‍റെ നിലവിലെ സ്ഥിതി ദയനീയമാണ്. ഒളിംപിക്‌സിൽ കേരളത്തിന്‍റെ അഭിമാനമായ പി ആര്‍ ശ്രീജേഷിന്‍റെ ജില്ലയിലെ ഏക ഹോക്കി കളിക്കളമാണിത്. ഈ മൈതാനത്തിനാണ് ഹോക്കിയിൽ ചോരാത്ത കൈകളുമായി വലകാത്ത ശ്രീജേഷിന്‍റെ പേരിടണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉയർത്തുന്നത്.
എന്നാല്‍ 2013ൽ കൊച്ചി മെട്രോയ്‌ക്ക് സ്റ്റേഷൻ പണിയാനായി സ്ഥലം നൽകിയത് മുതല്‍ ദുർഗതിയിലാണ് ഇവിടം. സ്റ്റേഷൻ ഉയരത്തിലും കളിക്കളം താഴെയുമായതോടെ മഴക്കാലത്ത് വെള്ളം ഒഴിയുന്നില്ല. സ്റ്റേഷന് സ്ഥലം ഏറ്റെടുത്തപ്പോൾ മൈതാനം പുനർനിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്‌തിരുന്നുവെന്ന് മഹാരാജാസ് കോളേജ് അധികൃതർ പറയുന്നു. എന്നാൽ അത്തരമൊരു വാഗ്ദാനം ഇല്ലായിരുന്നെന്ന് കെഎംആർഎൽ വാദിക്കുന്നു.
പ്രതിഷേധം ഉയർന്നപ്പോൾ കളിക്കളം പുനർനിർമിക്കുമെന്ന് അടുത്തിടെയും കായിക മന്ത്രി ഉറപ്പ് നല്‍കി. പക്ഷേ ആ ഉറപ്പും ജലരേഖയായി. കേരളത്തിൽ നിന്ന് ഇനിയും ഒരുപാട് ശ്രീജേഷുമാരുണ്ടാകാൻ ആദ്യം വേണ്ടത് മൈതാനമാണ്. പ്രഖ്യാപനങ്ങൾക്ക് പകരം ഇതിനുള്ള നടപടികളാണ് ആദ്യം വേണ്ടതെന്ന് ഹോക്കി പ്രേമികൾ പറയുന്നു.
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു.
അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്
ഇത് മലയാളികള്‍ക്കുള്ള ഓണസമ്മാനം, ഒളിംപിക് മെഡല്‍ ഉയര്‍ത്തിക്കാട്ടി ശ്രീജേഷ്
ശ്രീജേഷ് കൊച്ചിയിലെത്തി, അഭിമാനതാരത്തെ വരവേറ്റ് കേരളം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona