ഹിന്ദു-മുസ്ലീം എന്നതല്ല കാര്യം, താൻ പ്രതിനിധീകരിച്ചത് സമുദായത്തിന് വേണ്ടിയല്ല, രാജ്യത്തിന്: നിഖാത് സരീൻ
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ അത്‌ലറ്റുകൾ പിന്നിലാണെന്നും വൻ മത്സരങ്ങളിൽ ഈ തടസ്സം മറികടക്കാൻ പ്രത്യേക പരിശീലനം സഹായിച്ചെന്നും അവർ പറഞ്ഞു.
ദില്ലി: താൻ പ്രതിനിധീകരിക്കുന്നത് ഒരു പ്രത്യേക സമുദായത്തെയല്ലെന്നും ഹിന്ദുവാണോ മുസ്ലീമാണോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് ലോക ബോക്സിങ് ചാമ്പ്യൻ നിഖാത് സരീൻ. കായികതാരമെന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ഞാനെത്തിയത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല. ഞാൻ ഒരു സമുദായത്തെയല്ല എന്റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടിയതിൽ സന്തോഷമുണ്ട് - സരീൻ തിങ്കളാഴ്ച പറഞ്ഞു. തെലങ്കാനയിൽ ഇന്ത്യൻ വിമൻസ് പ്രസ് കോർപ്‌സ് (ഐഡബ്ല്യുപിസി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സരീൻ ഇക്കാര്യം പറഞ്ഞത്.
യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് കരിയർ ഉണ്ടാക്കാൻ സാമൂഹിക മുൻവിധികളെ മറികടക്കേണ്ടി വന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ അത്‌ലറ്റുകൾ പിന്നിലാണെന്നും വൻ മത്സരങ്ങളിൽ ഈ തടസ്സം മറികടക്കാൻ പ്രത്യേക പരിശീലനം സഹായിച്ചെന്നും അവർ പറഞ്ഞു.
ഇന്ത്യൻ അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ട്. എന്നാൽ ഒളിമ്പിക്‌സ്, ലോക ചാമ്പ്യൻഷിപ്പ് പോലുള്ള വലിയ മത്സരങ്ങളിൽ പതറിപ്പോകുന്നു. നമ്മുടെ ഇന്ത്യൻ ബോക്‌സർമാർ വളരെ കഴിവുള്ളവരാണ്. ഞങ്ങൾ ആരെക്കാളും പിന്നിലല്ല. ഞങ്ങൾക്ക് ശക്തിയും വേഗതയും ഉണ്ട്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ എത്തിയാൽ മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ ബോക്സർമാർക്ക് പരിശീലനം നൽകണമെന്നും സരീൻ വ്യക്തമാക്കി. കഴിഞ്ഞ മാസം ഫ്‌ളൈവെയ്റ്റ് ഇനത്തിൽ ലോക ചാമ്പ്യനായിരുന്നു 25കാരിയായ സരീൻ.