കനല്‍വഴി താണ്ടി ബ്രസീലിയന്‍ ജിംനാസ്റ്റിക് താരം റബേക്ക! പ്രചോദനമുള്‍ക്കൊണ്ട് കായികലോകം
പ്രതീക്ഷകളെയും മുന്‍വിധികളെയും നിഷ്പ്രഭമാക്കിക്കോണ്ട് സുവര്‍ണ നേട്ടം കൈവരിച്ചത് ബ്രസീലിയന്‍ താരം റബേക്ക ആന്‍ഡ്രഡെ.
പാരീസ്: വനിതകളുടെ ജിംനാസ്റ്റിക്‌സില്‍ സിമോണ്‍ ബൈല്‍സിനെ മറികടന്ന് സുവര്‍ണ നേട്ടം കൈവരിച്ച ബ്രസീലിയന്‍ താരം നിരവധി കുട്ടികളുടെ പ്രചോദനമാണ്. ഒളിംപിക്‌സ് നേട്ടത്തിന് പിന്നാലെ നൂറുകണക്കിന് കുട്ടികളാണ് റബേക്ക ആന്‍ഡ്രേഡിന്റെ പാത പിന്തുടരാന്‍ ആഗ്രഹിച്ചെത്തുന്നത്. ജിംനാസ്റ്റിക്‌സില്‍ ഫ്‌ലോര്‍ എക്‌സര്‍സൈസ് വിഭാഗം, എല്ലാവരും ഉറ്റ് നോക്കുന്നത് സിമോണ്‍ ബെയ്ല്‍സ് എന്ന ഇതിഹാസ താരത്തിലേക്കായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയും മുന്‍വിധികളെയും നിഷ്പ്രഭമാക്കിക്കോണ്ട് സുവര്‍ണ നേട്ടം കൈവരിച്ചത് ബ്രസീലിയന്‍ താരം റബേക്ക ആന്‍ഡ്രഡെ.
കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കി, കൃത്യതയോടെ കാച്ചിക്കുറുക്കിയ പ്രകടനം. മെഡല്‍ പോഡിയത്തില്‍ സിമോണ്‍ ബൈല്‍സ് വരെ വണങ്ങിയ മികവ്. ഇരുകൈകളും ഉയര്‍ത്തി സുവര്‍ണ നേട്ടം ആഘോഷിക്കുന്ന റബേക്ക. പാരീസിലെ സുന്ദരനിമിഷങ്ങളുടെ പട്ടികയില്‍ തിളക്കമാര്‍ന്ന കാഴ്ചയായിരുന്നു. ബ്രസീല്‍ കണ്ട എക്കാലത്തെയും മികച്ച വനിതാ കായിക താരം എന്ന തലത്തിലേക്കുള്ള റബേക്കയുടെ വളര്‍ച്ച അവര്‍ പൊരുതി നേടിയതാണ്. മൂന്നുവട്ടം കാലിനേറ്റ ഗുരുതര പരുക്ക് കാരണം ഏറെക്കാലം കളത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട് 25 കാരിയായ റബേക്കയ്ക്ക്.
എടാ മോനെ...! മലയാളികള്‍ക്ക് വേണ്ടി മാത്രമുള്ള സ്‌പെഷ്യല്‍ ചിത്രം പങ്കുവച്ച് ശ്രീജേഷ്; പോസ്റ്റ് കാണാം
പരുക്ക് തളര്‍ത്തിയിട്ടും തിരിച്ചുവന്ന് സ്വര്‍ണമണിഞ്ഞ പ്രകടനം ആ രാജ്യത്തിന്റെ മനസും ഹൃദയവും കവര്‍ന്നു. റെബേക്ക ജിംനാസ്റ്റിക്സിന്റെ താളത്തിലേക്ക് ചുവടുവെച്ചു തുടങ്ങിയ പരിശീലന കേന്ദ്രത്തിലേക്ക് കുട്ടികള്‍ മത്സരിച്ച് എത്തുകയാണ്. എല്ലാവരുടെയും ആഗ്രഹം ഒരുനാള്‍ റബേക്ക ആന്‍ഡ്രഡെയെ പോലെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഒരാളാകണം. ജിംനാസ്റ്റിക്സിന്റേയും മെഡലിന്റേയും തിളക്കത്തിനപ്പുറം വരും തലമുറയ്ക്കുള്ള ആവേശമാണ് റബേക്ക ആന്‍ഡ്രഡെ എന്ന പ്രതിഭ.