H.S Prannoy : ഏഷ്യൻ ഗെയിംസ്; എച്ച് എസ് പ്രണോയിക്ക് നേരിട്ട് യോഗ്യത
യോഗ്യത നേടുന്ന മറ്റ് താരങ്ങളെ കണ്ടെത്താൻ ട്രയൽസ് നടത്താനും തീരുമാനിച്ചു
ദില്ലി: ഈ വർഷത്തെ ഏഷ്യൻ ഗെയിംസ്, തോമസ് കപ്പ് എന്നീ ടൂർണമെന്‍റുകൾക്ക് നേരിട്ട് യോഗ്യത നേടി മലയാളി ബാഡ്‌മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ് (H.S Prannoy). ബാഡ്‌മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (Badminton Association of India) സെലക്ഷൻ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ലോകറാങ്കിംഗിൽ ആദ്യ 15 സ്ഥാനങ്ങളിലുള്ളവർക്ക് നേരിട്ട് യോഗ്യത നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. പ്രണോയ് ആദ്യ 15 റാങ്കിന് പുറത്താണെങ്കിലും സീസണിലെ മികച്ച പ്രകടനവും മുൻനിര താരങ്ങളെ തുടർച്ചയായി പരാജയപ്പെടുത്തുന്നതും കണക്കിലെടുത്താണ് പ്രണോയിയെ ടീമിൽ ഉൾപ്പെടുത്തിയത്.
ലക്ഷ്യ സെൻ, കിടംബി ശ്രീകാന്ത് എന്നിവർ പുരുഷ സിംഗിൾസിലും പി വി സിന്ധു വനിതാ സിംഗിൾസിലും സാത്വിക്, ചിരാഗ് സഖ്യം പുരുഷ ഡബിൾസിലും മത്സരിക്കും. യോഗ്യത നേടുന്ന മറ്റ് താരങ്ങളെ കണ്ടെത്താൻ ട്രയൽസ് നടത്താനും തീരുമാനിച്ചു.
ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ താരം സൈന നെഹ്‌വാള്‍ രംഗത്തെത്തി. കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനുമുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാത്തത് അസോസിയേഷന്‍റെ മത്സരക്രമത്തിലെ അപാകത കാരണമാണെന്ന് സൈന പറഞ്ഞു.
'യൂറോപ്പിൽ മൂന്നാഴ്‌ച ചെലവഴിക്കേണ്ട തനിക്ക് ഇതിന് ശേഷം രണ്ട് ഏഷ്യൻ ടൂർണമെന്‍റുകളിലും പങ്കെടുക്കണം. ഇത്രയും തിരക്കുപിടിച്ച മത്സരക്രമത്തിനിടയിൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ല. സീനിയർ താരമെന്ന നിലയിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല. ഇത് അസോസിയേഷനെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും താൻ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും' സൈന നെഹ്‌വാള്‍ പറഞ്ഞു.
മുപ്പത്തിരണ്ടുകാരിയായ സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണര്‍ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്ന് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 20നാണ് ടൂര്‍ണമെന്‍റ് അവസാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യാഡിനുമുള്ള ട്രയല്‍സ് ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് സംഘടിപ്പിക്കുന്നത്. നിലവില്‍ സിംഗിള്‍സില്‍ ലോക 23-ാം നമ്പര്‍ റാങ്കുകാരിയാണ് സൈന. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
തിരക്കുപിടിച്ച മത്സരക്രമവും ട്രയൽസും; ബാഡ്‌മിന്‍റണ്‍ അസോസിയേഷനെതിരെ സൈന നെഹ്‌വാള്‍