മെസിക്ക് ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്
'മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല'- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ.
ബ്യൂണസ് ഐറിസ്: സൂപ്പർ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. മെസിക്കെതിരെ കൈപ്പടയിൽ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. പുലർച്ചെ മൂന്നിന് രണ്ട് പേർ മോട്ടോർ ബൈക്കിൽ വരുന്നത് കണ്ടതായി ദൃക്‌സാക്ഷി സ്ഥിരീകരിച്ചു. അവരിൽ ഒരാൾ വെടിയുതിർത്ത ശേഷം കുറിപ്പ് താഴെയിട്ട് ഓടി രക്ഷപ്പെട്ടു.
'മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല'- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിക്കെതിരായ ആക്രമണത്തേക്കാൾ വേഗത്തിൽ ലോകത്ത് പ്രചരിക്കുന്ന വാർത്ത മറ്റേതാണ്. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ആ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അക്രത്തിന് ശേഷം മെസിയുടെ കുടുംബം ആശങ്കയിലാണെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്നും കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ഫെഡറിക്കോ റെബോള മാധ്യമപ്രവർത്തകരോട് പറഞ്ഞു.