മെഡലുമായി മടങ്ങിയാല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ഗുജറാത്തിലെ രത്ന വ്യാപാരി
നാലായിരത്തോളം വരുന്ന തന്‍റെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാറുകളും ഫ്ലാറ്റുകളുമെല്ലാം സമ്മാനമായി നല്‍കി ധൊലാക്കിയ മുമ്പും വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.
ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് മെഡലുമായി മടങ്ങിയാല്‍ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്തിലെ പ്രമുഖ രത്ന വ്യാപാരിയായ സാവ്‌ജി ധൊലാക്കിയ.
ടോക്യോയില്‍ നിന്ന് മെഡലുമായി മടങ്ങിയാല്‍ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് സ്വപ്നവീട് സ്വന്തമാക്കാനായി 11 ലക്ഷം രൂപയും വീടുള്ളവര്‍ക്ക് കാര്‍ വാങ്ങാനായി അഞ്ച് ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് ധൊലാക്കിയ വ്യക്തമാക്കി. സെമിയില്‍ തോറ്റ ഇന്ത്യക്ക് വെങ്കല മെഡലിനായി ബ്രിട്ടനുമായാണ് ഇനി മത്സരം.
Also Read: ഒളിംപിക്സ് വനിതാ ഹോക്കി: വെങ്കല മെഡല്‍ പോരാട്ടത്തിലും ഇന്ത്യക്ക് കരുത്തുറ്റ എതിരാളി
രാജ്യത്തിന്‍റെ അഭിമാനമായ ഇന്ത്യന്‍ വനിതാ താരങ്ങളുടെ മനോവീര്യം കൂട്ടാനാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ഇന്ത്യ-അര്‍ജന്‍റീന വനിതാ ഹോക്കി സെമിഫൈനലിന് തൊട്ടു മുമ്പ് ചെയ്ത ട്വീറ്റില്‍ ധൊലാക്കിയ പറഞ്ഞു. ടോക്യോയിലെ പ്രകടനങ്ങളിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം രചിക്കുകയാണ്. കരുത്തരായ ഓസ്ട്രേലിയയെ തകര്‍ത്താണ് നമ്മള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്.
മീരാഭായ് ചാനുവിന്‍റെ പ്രകടനം ശരിക്കും പ്രചോദനമായിരുന്നു. ചെറിയൊരു വീട്ടില്‍ താമസിച്ചാണ് അവര്‍ രാജ്യത്തിനായി മെഡല്‍ കൊണ്ടുവന്നത്. ഈ നേട്ടത്തില്‍ അവരുടെ മനോവീര്യം ഉയര്‍ത്താനാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ഹരികൃഷ്ണ എക്സ്പോര്‍ട്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ ധൊലാക്കിയ പറഞ്ഞു.
നാലായിരത്തോളം വരുന്ന തന്‍റെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാറുകളും ഫ്ലാറ്റുകളുമെല്ലാം സമ്മാനമായി നല്‍കി ധൊലാക്കിയ മുമ്പും വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട്.