ഫ്രഞ്ച് ഓപ്പണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ബൊപ്പണ്ണ സഖ്യം പുറത്ത്
രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണമെന്‍റിലെ പന്ത്രണ്ടാം സീഡായ റോജര്‍ സഖ്യം പതിനാറാം സീഡായ ഇന്ത്യന്‍ സഖ്യത്തെ മറികടന്നത്.
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍(French Open 2022) ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രൊഹന്‍ ബൊപ്പണ്ണ-ഡച്ച് താരം മാറ്റ്‌വെ മിഡെല്‍കൂപ്പ്(Rohan Bopanna-Matwé Middelkoop) സഖ്യം സെമിയില്‍ പുറത്തായി. മാഴ്സലെ അറെവാലോ-ജൂലിയന്‍ റോജര്‍ സഖ്യമാണ് ബൊപ്പണ്ണ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ വീഴ്ത്തിയത്. സ്കോര്‍ 6-4, 3-6 6-7 (8-10).
രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണമെന്‍റിലെ പന്ത്രണ്ടാം സീഡായ റോജര്‍ സഖ്യം പതിനാറാം സീഡായ ഇന്ത്യന്‍ സഖ്യത്തെ മറികടന്നത്. ബൊപ്പണ്ണ സഖ്യം ഫൈനല്‍ കാണാതെ പുറത്തായതോടെ 2013നുശേഷം ആദ്യമായി ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ബൊപ്പണ്ണക്ക് കൈയകലത്തില്‍ നഷ്ടമായി. 2010ല്‍ പാക് താരമായ ഐസാം ഉള്‍ഡ ഹഖിനൊപ്പമാണ് ബൊപ്പണ്ണ ആദ്യമായും അവസാനമായും ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ചത്.
റാങ്കിംഗിലും ജോക്കോവിച്ചിന് തിരിച്ചടിയുണ്ടാവും; രണ്ട് ജയമകലെ സ്വെരേവിന് ഒന്നാം റാങ്ക്
ആദ്യ സെറ്റില്‍ മിഡില്‍കൂപ്പ് രണ്ട് ബ്രേക്ക് പോയന്‍റുകള്‍ നല്‍കിയെങ്കിലും ഒടുവില്‍ ഡ്യൂസിലെത്തിച്ച് രക്ഷപ്പെടുത്തി. പന്നീട് അഡ്വാന്‍ഡേജ് എടുത്ത ബൊപ്പണ്ണ സഖ്യം സെറ്റ് സ്വന്തമാക്കി മികച്ച തുടക്കമിട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ ലഭിച്ച ബ്രേക്ക് പോയന്‍റ് മുതലാക്കാന്‍ ബൊപ്പണ്ണ സഖ്യത്തിനായില്ല. മിഡില്‍കൂപ്പിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്ത് റോജര്‍ സഖ്യം 5-3ന്‍റെ നിര്‍ണായക ലീഡും പിന്നീട് സെറ്റും സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി.
ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍, അല്‍ക്കാറസ് ക്വാര്‍ട്ടറില്‍ വീണു
എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം പുറത്തെടുത്തതോടെ മത്സരം ടൈ ബ്രേക്കറിലേക്ക് നീണ്ടു. ടൈ ബ്രേക്കറില്‍ തുടക്കത്തിലെ 2-5ന് പിന്നിലായി പോയ ബൊപ്പണ്ണ സഖ്യം പിന്നീട് തുടര്‍ച്ചയായി പോയന്‍റ് നേടി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റോജര്‍ സഖ്യം സെറ്റും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.