French Open 2022 : ജോക്കോവിച്ചിന് തിരിച്ചടികളുടെ കാലം; ഫ്രഞ്ച് ഓപ്പണിലും കുരുക്ക്
വാക്‌സീനെടുക്കുക അല്ലെങ്കിൽ നാല് മാസത്തിനുള്ളിൽ വീണ്ടും കൊവിഡ് ബാധിതനാവുക എന്നതാണ് ജോക്കോയുടെ മുന്നിലുള്ള വഴികള്‍
പാരിസ്: ഓസ്ട്രേലിയൻ ഓപ്പണിന് (Australian Open 2022) പിന്നാലെ നൊവാക് ജോക്കോവിച്ചിന് (Novak Djokovic) ഫ്രഞ്ച് ഓപ്പണും (French Open 2022) നഷ്ടമായേക്കും. ഫ്രാൻസ് കൊവിഡ് വാക്‌സിനേഷൻ (Covid Vaccine) നിയമം കടുപ്പിക്കുന്നതാണ് ജോക്കോവിച്ചിന് തിരിച്ചടിയാവുന്നത്.
കൊവിഡ് പ്രതിരോധ വാക്‌സീൻ എടുത്തിട്ടില്ലാത്തവർ ഫെബ്രുവരി 15 മുതൽ കഴിഞ്ഞ നാല് മാസത്തിനിടെ കൊവിഡ് ബാധിതനായെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഡിസംബർ മധ്യത്തിൽ താൻ കൊവിഡ് ബാധിതനായെന്നാണ് ജോകോവിച്ച് പറഞ്ഞിരിക്കുന്നത്. മെയ് 22നാണ് ഫ്രഞ്ച് ഓപ്പൺ തുടങ്ങുക. ഈ സാഹചര്യത്തിൽ ടൂർണമെന്‍റില്‍ പങ്കെടുക്കണമെങ്കിൽ ജോക്കോവിച്ച് വാക്സീൻ സ്വീകരിക്കുകയോ അല്ലെങ്കിൽ നാല് മാസത്തിനുള്ളിൽ വീണ്ടും കൊവിഡ് ബാധിതനാവുകയോ വേണം.
വാക്‌സീനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെ കോടതി ഉത്തരവിന്‍റെ ബലത്തില്‍ കളിക്കാന്‍ തയാറായ ജോക്കോവിച്ചിന്‍റെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കുകയും താരത്തെ രാജ്യത്തിന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിലും വാക്‌സീനെടുക്കാത്തവര്‍ക്ക് ഇളവുണ്ടാകില്ലെന്ന് ഫ്രാന്‍സ് കായിക മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.
മാഡ്രിഡ് ഓപ്പണിലെ ജോക്കോയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. ഏപ്രിലിലെ മാഡ്രിഡ് ഓപ്പണിന് മുന്നോടിയായി ജോക്കോവിച്ച് വാക്‌സീന്‍ എടുക്കണമെന്ന് സ്‌പാനിഷ് സര്‍ക്കാരിന്‍റെ വക്‌താവ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌പെയിനില്‍ കളിക്കണമെങ്കില്‍ ജോക്കോവിച്ച് സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ നടപടി അതാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ നേരിട്ട വിലക്ക് മറ്റ് രാജ്യങ്ങളിലും തുടരാനാണ് സാധ്യത.
Australian Open 2022 : ചെയര്‍ അംപയറോട് അസഭ്യം; ഡാനിൽ മെദ്‍വദേവിന് 12,000 ഡോളര്‍ പിഴ