ഞെട്ടല്‍; ഡബ്ല്യൂഡബ്ല്യൂഇ സൂപ്പർ താരം ബ്രേ വയറ്റ് അന്തരിച്ചു, മരണം 36-ാം വയസില്‍
ബ്രേ വയറ്റിന്‍റെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ട്രിപിള്‍ എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്
ന്യൂ ജെഴ്സി: റെസ്‌ലിംഗ് എന്‍റർടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്. ബ്രേ വയറ്റിന്‍റെ മരണവാർത്ത ഡബ്ല്യൂഡബ്ല്യൂഇ ചീഫ് കണ്ടന്‍റ് ഓഫീസർ ട്രിപിള്‍ എച്ചാണ് (പോൾ മൈക്കൽ ലെവിസ്ക്യു) സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ മാസങ്ങളായി റെസ്‌ലിംഗ് രംഗത്ത് ബ്രേ വയറ്റ് സജീവമായിരുന്നില്ല.
2009 മുതല്‍ ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായ ബ്രേ വയറ്റ് റെസ്‌ലിംഗ് എന്‍റർടെന്‍മെന്‍റ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യൂഡബ്ല്യൂഇയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായിരുന്നു. ആരാധകരെ കയ്യിലെടുക്കുന്ന വ്യത്യസ്തമായ പ്രകടന രീതികള്‍ കൊണ്ട് ശ്രദ്ധ നേടി. ബ്രേ വയറ്റ് ഡബ്ല്യൂഡബ്ല്യൂഇയില്‍ മൂന്ന് തവണ ജേതാവായിട്ടുണ്ട്. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് ഒരിക്കലും യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് രണ്ട് തവണയും സ്വന്തമാക്കി. സ്മാക്ക്ഡൗണ്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പില്‍ റാണ്ടി ഓർട്ടന്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം മത്സരിച്ചു.
റിംഗില്‍ ബ്രേ വയറ്റ് എന്നായിരുന്നെങ്കിലും വിന്ദം ലോറന്‍സ് റൊറ്റൂണ്ട എന്നായിരുന്നു യഥാർഥ പേര്. ബ്രേ വയറ്റിന്‍റെ പിതാവും (മൈക്ക് റൊറ്റൂണ്ട) മുത്തശ്ശനും പ്രൊഫഷണല്‍ റെസ്‌ലിംഗ് താരമായിരുന്നു. ബ്രേ വയറ്റിന്‍റെ അമ്മാവന്‍ ബാരി വിന്ദം എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സൂപ്പർ താരങ്ങളിലൊരാളായിരുന്നു. ബോ ഡല്ലാസ് എന്ന റിങ് പേരില്‍ അറിയപ്പെടുന്ന ടെയ്‍ലർ റൊറ്റൂണ്ട ബ്രേയുടെ ഇളയ അനിയനാണ്. ആരോഗ്യപ്രശ്നങ്ങളാല്‍ മാസങ്ങളായി റിംഗില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. മുമ്പ് 2021ലും 2022ലും മാറിനിന്ന ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്ന് മാറി നിന്നെങ്കിലും പിന്നീട് റിംഗിലേക്ക് മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനമായി റിംഗില്‍ പ്രത്യക്ഷപ്പെട്ട താരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിവരികയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം