'മുപ്പതിലേറെ തവണ വനിതാ സ്റ്റാഫിന്റെ ലൈംഗിക പീഡനത്തിനിരയായി'; ആരോപണവുമായി മുൻ വിംബിൾഡൺ ഫൈനലിസ്റ്റ്
സംഭവത്തിന് ശേഷം ഡബ്ല്യുടിഎ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നും എന്നാൽ പ്രതികാര നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജെയ്ഗർ പറഞ്ഞു.
മുപ്പതിലേറെ തവണ വനിതാ ടെന്നീസ് അസോസിയേഷൻ സ്റ്റാഫ് അംഗം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ ടെന്നീസ് താരം ആൻഡ്രിയ ജെയ്ഗർ. 1980കളിൽ വനിതാ ടെന്നീസ് അസോസിയേഷൻ സ്റ്റാഫ് അംഗം ലൈംഗികമായി ഉപദ്രവിച്ചെന്ന് 57 കാരിയായ ജെയ്‌ഗർ ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. തനിക്ക് 16 വയസ്സുള്ളപ്പോൾ അറിയാതെ മദ്യം വിളമ്പി വീട്ടിലേക്ക് കൊണ്ടുപോയി ചുംബിക്കാൻ ശ്രമിച്ചു. പിന്നീട് ഡബ്ല്യുടിഎ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത് പതിവാക്കി. ഭൂരിഭാഗം പീഡനങ്ങളും ലോക്കർ റൂമുകളിൽ വച്ചാണ് നടന്നതെന്ന് ജെയ്ഗർ പറഞ്ഞു.
തന്റെ കരിയറിന്റെ തുടക്കത്തിലാണ് ഇത്തരം ദുരനുഭവമുണ്ടായതെന്നും അവർ പറഞ്ഞു. പരിശീലന മുറികളിൽ പോലും ഒറ്റക്കിരിക്കുന്നത് ഒഴിവാക്കി. സംഭവത്തിന് ശേഷം ഡബ്ല്യുടിഎ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നും എന്നാൽ പ്രതികാര നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജെയ്ഗർ പറഞ്ഞു. കായികരംഗത്ത് ഇത്തരം അനാരോഗ്യകരമായ നിരവധി സംഭവങ്ങളുണ്ടെന്ന് അവർ പറഞ്ഞു. തനിക്ക് പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കാത്ത പ്രായത്തിലായിരുന്നു ഇതൊക്കെ സംഭവിച്ചത്. ഇപ്പോൾ ഇതെല്ലാം തുറന്നുപറയേണ്ട സമയാണെന്ന് തോന്നുന്നുവെന്നും ജെയ്ഗർ പറഞ്ഞു.
1980കളുടെ തുടക്കത്തിൽ ടെന്നീസ് രംഗത്തെ അത്ഭുത പ്രതിഭയായിരുന്നു ജെയ്ഗർ. 14 വയസ്സിൽ അരങ്ങേറി 19ാം വയസ്സിൽ വിരമിച്ചു. തോളിനേറ്റ പരുക്കിനെത്തുടർന്ന് 19-ാം വയസ്സിൽ വിരമിക്കുന്നതിന് മുമ്പ് ജെയ്ഗർ 10 കരിയർ കിരീടങ്ങൾ നേടി. 1982 ഫ്രഞ്ച് ഓപ്പൺ ഫൈനലിലും 1983 വിംബിൾഡൺ ഫൈനലിലും മാർട്ടിന നവരത്തിലോവയോട് തോറ്റു. മൂന്ന് തവണ ഗ്രാൻഡ് സ്ലാം സെമിഫൈനലിലും എത്തി.