എടാ മോനെ...! മലയാളികള്‍ക്ക് വേണ്ടി മാത്രമുള്ള സ്‌പെഷ്യല്‍ ചിത്രം പങ്കുവച്ച് ശ്രീജേഷ്; പോസ്റ്റ് കാണാം
ഇന്ത്യയുടെ ഹോക്കി ടീം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ശ്രീജേഷ് പാരീസില്‍ തുടരുകയാണ്.
പാരീസ്: ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും.
ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരിക്കെ ശ്രീജേഷിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പക്കാ മലയാളി സ്റ്റൈലില്‍ തനിക്ക് ലഭിച്ച വെങ്കലവുമായി ഈഫല്‍ ടവറിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയാണത്. അതിനുള്ള ക്യാപ്ഷനും മലയാളത്തിലായിരുന്നു. ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ 'എടാ മോനെ...' എന്ന ഡയലോഗാണ് ശ്രീജേഷ് കടമെടുത്തിരിക്കുന്നത്. ഈ ചിത്രം മലയാളികള്‍ക്ക് മാത്രമായുളളതാണെന്ന് വ്യക്തം. പോസ്റ്റ് കാണാം..
ഇന്ത്യയുടെ ഹോക്കി ടീം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ശ്രീജേഷ് പാരീസില്‍ തുടരുകയാണ്. ഒളിംപിക് സമാപന ചടങ്ങില്‍ പതാക വഹിക്കേണ്ടതുകൊണ്ടാണ് മലയാളി താരം പി ആര്‍ ശ്രീജേഷ് പാരീസില്‍ തുടരുന്നത്. അതേസമയം, ഹോക്കി ടീമിന് ദില്ലിയില്‍ വന്‍ സ്വീകരണം. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. തങ്ങള്‍ക്ക് നല്‍കുന്ന സ്നേഹത്തില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രതികരിച്ചു.
ആരാധകരുടെ വന്‍ വരവേല്‍പ്പിലൂടെ അഭിമാനതാരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക്. വാദ്യമേളങ്ങള്‍ മുഴക്കിയും മാലയണിഞ്ഞും ഹോക്കി താരങ്ങളെ സ്വീകരിച്ചു. മലയാളി താരം പി ആര്‍ ശ്രീജേഷും മറ്റ് നാല് താരങ്ങളും ഒഴികെയുള്ള സംഘമാണ് എത്തിയത്. മെഡല്‍ നേട്ടത്തോടെയുള്ള മടക്കം അഭിമാനകരം എന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്. ശ്രീജേഷിന്റെ വിരമിക്കല്‍ ടീമിനും രാജ്യത്തിനും നഷ്ടമാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.