ടോക്യോ ഒളിംപിക്‌സിന് വിദേശ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേക്കും
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ നിന്ന് ടോക്യോ ഒളിംപിക്‌സ് ഇതുവരെ കരകയറിയിട്ടില്ല. 2020ല്‍ നടക്കേണ്ട ഒളിംപിക്‌സ് ഈ വര്‍ഷത്തേക്ക് മാറ്റിയെങ്കിലും തടസ്സങ്ങള്‍ ഏറെയാണ്.
ടോക്യോ: ടോക്യോ ഒളിംപിക്‌സിന് വിദേശത്തുനിന്നുള്ള കാണികളെ വിലക്കാനൊരുങ്ങി ജപ്പാന്‍. കൊവിഡ് വ്യാപനം തടയാനാണ് ജപ്പാന്‍ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ നിന്ന് ടോക്യോ ഒളിംപിക്‌സ് ഇതുവരെ കരകയറിയിട്ടില്ല. 2020ല്‍ നടക്കേണ്ട ഒളിംപിക്‌സ് ഈ വര്‍ഷത്തേക്ക് മാറ്റിയെങ്കിലും തടസ്സങ്ങള്‍ ഏറെയാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് നടത്തുന്നതിനെതിരെ വിമര്‍ശനം രൂക്ഷം. ഈ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ കാണാന്‍ വിദേശികളെ അനുവദിക്കേണ്ടെന്നാണ് സംഘാടകരുടെ തീരുമാനം. വേദികളില്‍ കാണികളുടെ എണ്ണം നിയന്ത്രിക്കാനും ആലോചനയുണ്ട്. കാണികളെ പ്രവേശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കുക.
ജപ്പാനിലെ വിവിധ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയിലും മത്സരവേദികളില്‍ കാണികളെ പ്രവേശിപ്പിക്കരുതെന്നാണ് 90 ശതമാനംപേരും അഭിപ്രായപ്പെട്ടത്. ഒളിംപിക്‌സ് ഒരുവര്‍ഷം കൂടി മാറ്റിവയ്ക്കണമെന്ന വാദവും ശക്തം. ഒളിംപിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ജപ്പാനും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.