PT Usha : ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു;പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്
സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിക്കുന്നു.
കോഴിക്കോട്: ഒളിംപ്യന്‍ പി ടി ഉഷക്കെതിരെ (P T Usha) ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട അത്ലറ്റ് ജെമ്മ ജോസഫ് (Jemma Jose ). ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു എന്നാണ് ആരോപണം. ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ് ആരോപിക്കുന്നു.
കോഴിക്കോട്ട് മെല്ലോ ബില്‍ഡേഴ്സിന്‍റെ സ്കൈ വാച്ച് ഫ്ലാറ്റ് വാങ്ങാന്‍ ഇടനിലക്കാരിയായി നിന്ന് പി ടി ഉഷ വഞ്ചിച്ചെന്നാണ് ജെമ്മ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ഉഷക്കെതിരെ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ജെമ്മ ജോസഫ് പറഞ്ഞു. ഫ്ലാറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ഉഷക്കൊപ്പമാണെന്നും ജെമ്മ ജോസഫ് പറയുന്നു. പൊലീസ് കേസ് അട്ടിമറിക്കപ്പെടുമോ എന്നും സംശയമുണ്ട്. ഉഷ പറഞ്ഞ പ്രകാരം ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകിയെന്നും ജെമ്മ ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജെമ്മ ജോസഫിന്‍റെ ആരോപണത്തോട് പി ടി ഉഷ പ്രതികരിച്ചില്ല. ഒന്നും പ്രതികരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു.