കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; സങ്കേത് സാര്‍ഗറിന് വെള്ളി

പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാര്‍ഗർ വെള്ളി നേടി

First medal for India at Commonwealth Games2022 as Sanket Sargar won sliver in mens 55kg weightlifting

ബ‍ർമിംഗ്ഹാം: ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസില്‍(Commonwealth Games 2022) ഇന്ത്യക്ക് ആദ്യ മെഡല്‍. രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടി സങ്കേത് സാര്‍ഗർ(Sanket Mahadev Sargar) വെള്ളി നേടി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. 

സ്നാച്ചില്‍ എതിരാളികളെയെല്ലാം പിന്നിലാക്കിയ സങ്കേത് ആറ് കിലോഗ്രാമിന്‍റെ ലീഡ് നേടിയിരുന്നു. പക്ഷെ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഒറ്റത്തവണ മാത്രമെ സങ്കേതിന് ഭാരം ഉയര്‍ത്തുന്നതില്‍ വിജയിക്കാനായുള്ളു. 139 കിലോ ഗ്രാം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റത് രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമങ്ങളില്‍ തിരിച്ചടിയാവുകയും ചെയ്തു. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ ഒമ്പത് മെഡലുകളാണ് ഭാരദ്വേഹകര്‍ ഇന്ത്യക്ക് സമ്മാനിച്ചത്.

മീരാഭായി ചനുവും ഇന്നിറങ്ങും 

49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ്. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബ‍ർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണത്തിളക്കത്തിൽ എത്തുമെന്നുറപ്പ്. ക്ലീൻ ആൻഡ് ജെ‍ർക്കിൽ 207 കിലോ ഉയർത്തി ലോക റെക്കോർഡ് സ്വന്തമാക്കിയ മീരാഭായിയുടെ പ്രധാന എതിരാളി നൈജീരിയയുടെ സ്റ്റെല്ല കിംഗ്സ്‍ലിയാവും. 168 കിലോയാണ് സ്റ്റെല്ലയുടെ മികച്ച പ്രകടനം. 

ബോക്സിംഗിൽ ഒളിംപിക് വെങ്കല മെഡൽ ജേതാവ് ലോവ്‍ലിന ബോർഗോഹെയ്ൻ, ഹുസാമുദ്ദീൻ മുഹമ്മദ്, സൻജീത് എന്നിവർ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ബാഡ്മിന്‍റണ്‍ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ ഒന്നരയ്ക്ക് ശ്രീലങ്കയെയും രാത്രി പതിനൊന്നരയ്ക്ക് ഓസ്ട്രേലിയെയും ടേബിൾ ടെന്നിസിൽ പുരുഷൻമാർ വടക്കൻ അയ‍ർലൻഡിനെയും വനിതകൾ ഗയാനയെയും നേരിടും. സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ, സുനൈന കുരുവിള, സൗരവ് ഘോഷാൽ എന്നിവർക്കും മത്സരമുണ്ട്.

വനിതാ ഹോക്കിയിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും. രണ്ടാം മത്സരത്തിൽ വെയ്ൽസാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യമത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ഗോളിന് ഘാനയെ തോൽപിച്ചിരുന്നു. ഗുർജീത് കൗർ രണ്ട് ഗോൾ നേടി. നേഹ ഗോയൽ, സംഗീത കുമാരി, സലീമ ടെറ്റെ എന്നിവരാണ് മറ്റ് സ്കോറർമാർ.

ടീമില്‍ വേണ്ടത് ശ്രേയസ് തന്നെയെന്ന് ഓജ, വായടപ്പിച്ച് ശ്രീകാന്ത്; ടീം സെലക്ഷനില്‍ പരസ്യ പോര്

Latest Videos
Follow Us:
Download App:
  • android
  • ios